ലോകത്തെ നാലിലൊന്ന് ക്ഷയരോഗ ബാധിതരും ഇന്ത്യയിൽ

Share our post

ലോകത്തെ ഏറ്റവും അപകടകരമായ പകര്‍ച്ചാവ്യാധികളിലൊന്നായ ക്ഷയരോഗം ബാധിക്കുന്നവരിൽ നാലിൽ ഒന്നും ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട്. അഞ്ച് രാജ്യങ്ങളിലാണ് ലോകത്തെമ്പാടുമുള്ള 56 ശതമാനം ക്ഷയരോഗബാധിതരുമുള്ളത്. ഇന്ത്യ – 26 ശതമാനം, ഇന്തോനേഷ്യ – 10 ശതമാനം, ചൈന – 6.8 ശതമാനം, ഫിലിപ്പീൻസ് – 6.8 ശതമാനം, പാകിസ്താൻ – 6.3 ശതമാനം. ഏറ്റവും കൂടുതൽ മൾട്ടി-ഡ്രഗ്-റെസിസ്റ്റൻ്റ് ടി.ബി കേസുകളും ഇന്ത്യയിലാണ്. ലോകാരോഗ്യസംഘടനയുടെ 2023ലെ ടി.ബി റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.2023-ലെ ആഗോള എൻ.ഡി.ആർ/ആർ.ആർ.ആർ-ടി.ബി കേസുകളിൽ ഏകദേശം 27 ശതമാനവും ഇന്ത്യയിലാണ്. റഷ്യ – 7.4 ശതമാനം, ഇന്തോനേഷ്യ – 7.4 ശതമാനം, ചൈന – 7.3 ശതമാനം, ഫിലിപ്പീൻസ് – 7.2 ശതമാനം എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകൾ.

2023-ൽ ഏകദേശം 82 ലക്ഷം ആളുകൾക്ക് പുതുതായി ക്ഷയരോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 1995-ൽ ലോകാരോഗ്യ സംഘടനയുടെ ആഗോള ടി.ബി നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. റിപ്പോർട്ട് പ്രകാരം ക്ഷയരോഗം സ്ഥിരീകരിച്ചതിൽ 55 ശതമാനം പുരുഷന്മാരും 33 ശതമാനം സ്ത്രീകളും 12 ശതമാനം കുട്ടികളുമാണ്.ഗ്ലോബല്‍ ട്യൂബര്‍കുലോസിസ് റിപ്പോര്‍ട്ടുപ്രകാരം ഏകദേശം 12.5 ലക്ഷം പേരാണ് ക്ഷയരോഗം ബാധിച്ച് കഴിഞ്ഞ വര്‍ഷം മാത്രം മരണപ്പെട്ടത്. കോവിഡ് -19നു ശേഷം ലോകത്തിലെ ഏറ്റവും വലിയ ‘കൊലയാളി’യായ പകര്‍ച്ചവ്യാധിയായി ക്ഷയരോഗം തിരിച്ചെത്തിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ക്ഷയരോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 2022-ൽ 1.32 ദശലക്ഷത്തിൽ നിന്ന് 2023-ൽ 1.25 ദശലക്ഷമായി കുറഞ്ഞെങ്കിലും, ക്ഷയരോഗം ബാധിച്ചവരുടെ എണ്ണം 10.8 ദശലക്ഷമായി ഉയർന്നു.ക്ഷയരോഗം നിര്‍ണയിക്കാനും ചികിത്സിക്കാനും പ്രതിരോധിക്കാനും ഫലപ്രദമായ മാര്‍ഗങ്ങള്‍ നിലവിലിരിക്കെത്തന്നെ ധാരാളം ആളുകള്‍ മരണപ്പെടുന്നു എന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ റ്റെഡ്രോസ് അഥനോം ഗബ്രിയേസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ക്ഷയരോഗം. ബാക്ടീരിയ അണുബാധ മൂലമാണ് രോഗം പകരുന്നത്. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തുപ്പുമ്പോഴോ പുറത്തുവിടുന്ന വായുവിലൂടെയുള്ള കണങ്ങൾ വഴിയാണ് രോഗം പലപ്പോഴും വായുവിലൂടെ പകരുന്നത്. ക്ഷയരോഗം തടയാവുന്നതും ചികിത്സിക്കാവുന്ന രോഗമാണ്. ഒരു തവണ രോഗം ബാധിച്ച വ്യക്തിക്ക് പിന്നീട് രോഗബാധ ഉണ്ടാവുന്നതിനുള്ള സാധ്യത ഇല്ല.

ഇടയ്ക്കിടെയുണ്ടാകുന്ന പനി, രണ്ടാഴ്ചയിലേറെ നീണ്ടു നിൽക്കുന്ന ചുമ, ശരീരക്ഷീണം, ഭാരക്കുറവ്, നെഞ്ചുവേദന എന്നിവയാണ് ക്ഷയ രോഗത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ. ചിലപ്പോൾ കഫത്തിൽ രക്തത്തിന്റെ അംശവും ഉണ്ടായേക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!