വൈതൽമലയിൽ നിന്ന് തലശേരി വഴി വയനാട്ടിലേക്കൊരു സൗഹൃദറൂട്ട്‌

Share our post

ആലക്കോട്:വൈതൽമല–- തലശേരി റൂട്ടിൽ പതിവായി ഓടുന്ന ‘ആനവണ്ടി’ ദീപാവലി ദിനത്തിൽ വഴിമാറിയോടിയത്‌ ‘സൗഹൃദ’ത്തിന്റെ പുതിയ റൂട്ടിലേക്ക്‌. പതിവ്‌ റൂട്ടിലെ സ്ഥിരംയാത്രക്കാരാണ്‌ ഓഫീസ്‌ വേഷങ്ങളൊക്കെ അഴിച്ചുവച്ച്‌ വയനാട്ടിലേക്ക്‌ ഉല്ലാസയാത്ര നടത്തിയത്‌. വൈതൽമല-–-തലശേരി റൂട്ടിൽ 2006ലാണ്‌ കെ.എസ്ആർടിസി ബസ് സർവീസ്‌ ആരംഭിച്ചത്‌.രാവിലെ 6.30ന് വൈതൽമലയിൽനിന്ന്‌ പുറപ്പെട്ട് ചെമ്പേരി, ശ്രീകണ്ഠപുരം, ഇരിക്കൂർ വഴി 9.30ന് തലശേരിയിലെത്തി തിരികെ വൈകിട്ട് 4.45ന് പുറപ്പെട്ട് രാത്രി 8.15ന് വെതൽമലയിലെത്തും. സ്ഥിരം യാത്രക്കാരാണേറെയും. സർക്കാർ ജീവനക്കാരും സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചയ്യുന്നവരുമായി ‘ഹൗസ്‌ഫുൾ’ ആയിട്ടാണ്‌ സർവീസ്‌. ബസെത്തിയ സ്ഥലങ്ങൾ അറിയാനും വിവരങ്ങൾ കൈമാറാനുമുണ്ടാക്കിയ സ്ഥിരം യാത്രക്കാരുടെ വാട്‌സ്‌ആപ്‌ യാത്രക്കൂട്ടായ്മയാണ്‌ ഒഴിവ് ദിനത്തിൽ ചുരം കയറാനും മുന്നിട്ടിറങ്ങിയത്‌.
മുട്ടന്നൂരിലെ രണ്ടുവയസ്സുകാരി രേവതി ഷിജു, ചെങ്ങളായിയിലെ വി. വി നാരായണൻ എന്നിവരും ജീവനക്കാരും ഉൾപ്പെടെ 58 പേർ സംഘത്തിലുണ്ടായി. വ്യാഴം രാവിലെ ആറിന്‌ കണ്ണൂർ ഡിപ്പോയിൽനിന്നും പുറപ്പെട്ട് പൂക്കോട് തടാകം, എടക്കൽഗുഹ, എൻഊര്, ഹണി മ്യൂസിയം എന്നിവ സന്ദർശിച്ച് രാത്രി 11നാണ്‌ കണ്ണൂരിൽ തിരിച്ചെത്തിയത്‌. ഭക്ഷണം, പ്രവേശന ടിക്കറ്റ് എന്നിവയുൾപ്പെടെ ഒരാളിൽനിന്ന്‌ (അഞ്ച് വയസ്സിന് മുകളിൽ) 1190 – രൂപയായിരുന്നു ചാർജ്‌ ഈടാക്കിയത്‌.തലശേരി രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരൻ കെ പി പ്രേമരാജൻ (മലപ്പട്ടം), ബ്രണ്ണൻ കോളേജ് ലൈബ്രേറിയൻ ഇ. വി പുരുഷോത്തമൻ (കണിയാർവയൽ), തലശേരി കോടതി ജീവനക്കാരൻ ഇ. പി നസീർ (മലപ്പട്ടം), കോടതിയിൽനിന്ന്‌ വിരമിച്ച എ. പി ചന്ദ്രൻ (കൂടാളി) എന്നിവരായിരുന്നു മുഖ്യ ആസൂത്രകർ.
സർവീസ് തുടങ്ങിയത്‌ തൊട്ട് ഡ്രൈവറായ അഞ്ചരക്കണ്ടി സ്വദേശി പി. എൻ സുമേഷൻ, ദീർഘകാലം ബസ്സിൽ യാത്ര ചെയ്തവർ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യാത്രക്കാർ, വിരമിച്ചവർ എന്നിവരെ യാത്രയുടെ ഭാഗമായി ആദരിച്ചു. ദീപാവലി ദിനത്തിലെ യാത്രയുടെ ഭാഗമായി ദീപം തെളിച്ച് കെ.എസ്ആർ.ടി.സിക്ക് ഐക്യദാർഢ്യവും രേഖപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!