തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ, സ്വയംചികിത്സ പാടില്ല; മഞ്ഞപ്പിത്തത്തെ അകറ്റി നിർത്താം

മഞ്ഞപ്പിത്തം പ്രധാനമായും ശുചിത്വക്കുറവിനാൽ പകരുന്ന അസുഖമാണ് . വെള്ളത്തിലൂടേയും ആഹാരസാധനങ്ങളിലൂടേയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലുണ്ടാകുന്ന വൈറസുകൾ വെള്ളത്തിലോ ഭക്ഷണത്തിലോ കലർന്ന് മറ്റൊരാളിലെത്തുന്നു. പനി, കഠിനമായ ക്ഷീണം, സന്ധി-പേശി വേദന, കണ്ണുകൾക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെ അളവിലെ കുറവ്, വിശപ്പില്ലായ്മ, ഛർദിക്കാനുള്ള തോന്നൽ ഇവയാണ് സാധാരണ ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരളിന്റെ പ്രവർത്തന തകരാറുകൾമൂലം ‘ബിലിറൂബിൻ’ രക്തത്തിൽ കൂടുന്നതാണ് മഞ്ഞനിറത്തിനു കാരണം. കരളിന്റെ പ്രവർത്തനത്തിൽ തടസ്സം നേരിടുമ്പോൾ പിത്തരസം പുറത്തുപോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഒഴിവാക്കുക, കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക, സെപ്ടിക് ടാങ്കും കിണറും തമ്മിൽ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക, ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ തിളപ്പിച്ച വെള്ളത്തിൽ കഴുകിയെടുത്ത് ഉപയോഗിക്കുക, രോഗിയെ സ്പർശിക്കുകയാണെങ്കിൽ കൈകൾ കഴുകി വൃത്തിയാക്കണം രോഗം വന്നാൽ കൃത്യമായ ചികിത്സ തേടുക.
കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചിരുന്നു. തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗർ റഷീദാസിൽ എം സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സാഹിർ ചൊവ്വാഴ്ച്ചയും അൻവർ ബുധനാഴ്ച്ചയുമാണ് മരണമടഞ്ഞത്. സാഹിറിന്റെയും അൻവറിന്റെയും കുടുംബാംഗങ്ങളും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.