പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: കരട് പ്രസിദ്ധീകരിച്ചു; അന്തിമ പട്ടിക ജനുവരിയില്‍

Share our post

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കല്‍ 2025 ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള ഒമ്ബതു നിയമസഭാ നിയോജക മണ്ഡലങ്ങള്‍ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) കരട് വോട്ടർ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും കരട് വോട്ടർ പട്ടിക ലഭിക്കുന്നതാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്. കരട് പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബർ 28 വരെ സമർപ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്ജ്യോതി നാഥ് അറിയിച്ചു.

വോട്ടർ പട്ടികയില്‍ പുതുതായി പേര് ചേർക്കുന്നതിനും വോട്ടർ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനും അപേക്ഷകള്‍ ഇക്കാലയളവില്‍ സമർപ്പിക്കാവുന്നതാണ്. voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെല്‍പ് ലൈൻ ആപ് വഴിയോ അപേക്ഷകള്‍ സമർപ്പിക്കാം. 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം.അപേക്ഷ സമർപ്പിച്ച ശേഷം, ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ നാല് യോഗ്യതാ തീയതികളില്‍ എന്നാണോ 18 വയസ് പൂർത്തിയാകുന്നത്, ആ യോഗ്യതാ തീയതിയില്‍ അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച്‌ വോട്ടർ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാർഡ് ലഭിക്കും. 2025 ജനുവരി ആറിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!