മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം;അമിക്കസ് ക്യൂറി

കൊച്ചി: നാടിനെ നടുക്കിയ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി പറയുന്നു.ഇവയ്ക്ക് പുറമെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയിൽ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ വാദം. ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം ഉടൻ ചേരുമെന്നും റോഡുകളുടെ പുനർനിർമ്മാണം അടക്കമുള്ള അക്കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചു.