2025-26 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജനുവരി, ഏപ്രില്‍ മാസങ്ങളിലായി രണ്ടുസെഷനുകളിലായി നടത്തും.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.കൾ), കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങൾ ജി.എഫ്.ടി.ഐ.), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാനസർക്കാർ ഫണ്ടിങ്/അംഗീകാരമുള്ള സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിലെ വിവിധ ബിരുദതല എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് പ്രധാനമായും ഈ പരീക്ഷയുടെ പരിധിയിൽവരുന്നത്.
കേരളത്തിൽ കോഴിക്കോട് എൻ.ഐ.ടി.യിലെ ബി.ടെക്., ബി.ആർക്., കോട്ടയം ഐ.ഐ.ഐ.ടി.യിലെ ബി.ടെക്. പ്രവേശനങ്ങൾ ഈ പരീക്ഷകൾവഴിയാണ്.
* പേപ്പറുകൾ, പരീക്ഷാഘടന
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള രണ്ടുപേപ്പറുകൾ ഉണ്ടാകും. പേപ്പർ -1ൽ (ബി.ഇ./ബി.ടെക്.), ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽനിന്ന് (തുല്യ വെയിറ്റേജോടെ) രണ്ടുഭാഗങ്ങളിലായി 25 ചോദ്യങ്ങൾവീതമുണ്ടാകും. ഓരോ വിഷയത്തിലും സെക്‌ഷൻ എ-യിൽ 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും സെക്‌ഷൻ ബിയിൽ അഞ്ച് ന്യൂമറിക്കൽ ആൻസർ ടൈപ്പ് (ഉത്തരം ന്യൂമറിക്കൽ വാല്യു ആയിരിക്കും) ചോദ്യങ്ങളുമുണ്ടാകും. എല്ലാം നിർബന്ധമാണ്.
രണ്ടാം പേപ്പർ ആർക്കിടെക്ചർ, പ്ലാനിങ് ബാച്ച്‌ലർ പ്രോഗ്രാം പ്രവേശനത്തിനാണ്.
ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്ക്.) പ്രവേശനപരീക്ഷ (പേപ്പർ 2 എ), ബാച്ച്‌ലർ ഓഫ് പ്ലാനിങ് (ബി.പ്ലാനിങ്) പ്രവേശനപരീക്ഷ (പേപ്പർ 2 ബി) എന്നിവയ്ക്ക്, ഓരോന്നിനും മൂന്നുഭാഗമുണ്ടാകും. മാത്തമാറ്റിക്സ് (പാർട്ട് I), ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പാർട്ട് II) എന്നിവ രണ്ടിനുമുണ്ടാകും. മാത്തമാറ്റിക്സ് ഭാഗത്ത് 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും അഞ്ച് ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരംനൽകണം. പാർട്ട് ll-ൽ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. എല്ലാത്തിനും ഉത്തരംനൽകണം. മൂന്നാംഭാഗം 2 എയിൽ ഡ്രോയിങ് ടെസ്റ്റും 2 ബിയിൽ പ്ലാനിങ് അധിഷ്ഠിതമായ 25 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമായിരിക്കും. പേപ്പർ 2 എയിലെ ഡ്രോയിങ് ടെസ്റ്റ് ഒഴികെയുള്ള പരീക്ഷകൾ, കംപ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും. ഡ്രോയിങ് ടെസ്റ്റ് ഓഫ് ലൈൻ ആയിരിക്കും. 50 മാർക്കുവീതമുള്ള രണ്ടുചോദ്യങ്ങളുണ്ടാകും.
പരീക്ഷകളുടെ സിലബസ് jeemain.nta.nic.in ൽ ഉണ്ട്. മൾട്ടിപ്പിൾ ചോയ്സ്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾക്ക് ശരിയുത്തരത്തിന് നാലുമാർക്ക് കിട്ടും. രണ്ടിലും ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും.
•സെഷൻ, ഷിഫ്റ്റ്, സമയം
പേപ്പർ 1, 2 എ, 2 ബി എന്നിവ രണ്ടുതവണ (സെഷനുകളിൽ) നടത്തും. ജനുവരിയിൽ ആദ്യസെഷനും ഏപ്രിലിൽ രണ്ടാം സെഷനും. ഓരോ സെഷനിലും ഓരോ പേപ്പറിനും പല ഷിഫ്റ്റുകളുണ്ടാകാം.
സെഷൻ 1: ജനുവരി 22-നും 31-നും ഇടയ്ക്ക് ആയിരിക്കും. പേപ്പർ 1, 2 എ എന്നിവ ദിവസവും രണ്ടുഷിഫ്റ്റിൽ നടത്തും. രാവിലെ ഒൻപതുമുതൽ 12 വരെയും ഉച്ചയ്ക്ക് മൂന്നുമുതൽ ആറുവരെയും. പേപ്പർ 2 ബി ഉച്ചയ്ക്ക് മൂന്നുമുതൽ ആറുവരെ. പേപ്പർ 2-എയും 2-ബി യും (രണ്ടും) അഭിമുഖീകരിക്കുന്നവർക്ക് പരീക്ഷാദൈർഘ്യം മൂന്നരമണിക്കൂറായിരിക്കും.
ആദ്യഷിഫ്റ്റ് എങ്കിൽ രാവിലെ ഒൻപതുമുതൽ 12.30 വരെയും രണ്ടാം ഷിഫ്റ്റ് എങ്കിൽ, ഉച്ചയ്ക്ക് മൂന്നു മുതൽ 6.30 വരെയും. സ്ക്രൈബ് ഉപയോഗിക്കാൻ അർഹതയുള്ള ഭിന്നശേഷിവിഭാഗക്കാർക്ക് പരീക്ഷാ സമയം നാലുമണിക്കൂർ ആയിരിക്കും. പേപ്പർ 2-എ യും 2-ബിയും (രണ്ടും) അഭിമുഖീകരിക്കുന്ന ഈ വിഭാഗക്കാർക്ക് നാലുമണിക്കൂർ 10 മിനിറ്റ് സമയം ലഭിക്കും.
•പരീക്ഷാകേന്ദ്രം
കേരളത്തിൽ എല്ലാ ജില്ലയിലും പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷിക്കുമ്പോൾ മുൻഗണന നിശ്ചയിച്ച് നാല് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. സ്ഥിരം വിലാസം/നിലവിലെ വിലാസം അടിസ്ഥാനമാക്കിയാകണം പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കേണ്ടത്.
•ചോദ്യങ്ങളുടെ ഭാഷ
ചോദ്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും മലയാളം ഉൾപ്പെടെ 11 പ്രാദേശികഭാഷകളിലും ലഭ്യമാക്കും. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചോദ്യങ്ങൾ കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ലഭിക്കും. ഏതുഭാഷയിലെ ചോദ്യങ്ങൾ വേണമെന്നത് അപേക്ഷിക്കുന്ന വേളയിൽ രേഖപ്പെടുത്തണം. പിന്നീട് മാറ്റാൻ കഴിയില്ല.
•പഠിച്ചിരിക്കേണ്ട വിഷയങ്ങൾ
യോഗ്യതാപരീക്ഷാകോഴ്സിൽ അഞ്ച് വിഷയങ്ങൾ പഠിച്ചിരിക്കണം. ഓരോ കോഴ്സിലെയും പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ:
* എൻജിനിയറിങ്: ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധം. മൂന്നാം സയൻസ് വിഷയം കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി/ടെക്നിക്കൽ വൊക്കേഷണൽ വിഷയം ആകാം
* ബി.ആർക്ക്: 10+2 തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി നിർബന്ധം. ഡിപ്ലോമക്കാർക്ക് മാത്തമാറ്റിക്സ് നിർബന്ധം
* ബി.പ്ലാനിങ്: യോഗ്യതാകോഴ്സിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. യോഗ്യതാപരീക്ഷയിലെ മാർക്ക് സംബന്ധിച്ച പ്രോസ്പക്ടസ് വ്യവസ്ഥ പ്രവേശനസമയത്ത് തൃപ്തിപ്പെടുത്തണം (ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 33/34 കാണണം).
•ഒന്നോ രണ്ടോ സെഷൻ അഭിമുഖീകരിക്കാം
വിദ്യാർഥിക്ക് രണ്ടുസെഷനുകളിൽ ഏതെങ്കിലും ഒന്നുമാത്രമോ രണ്ടുമോ അഭിമുഖീകരിക്കാം. വിവിധ സെഷനുകളിൽ പരീക്ഷനടത്തുന്നതിനാൽ, പരീക്ഷയിൽ ലഭിക്കുന്ന യഥാർഥ സ്കോർ പരിഗണിക്കുന്നതിനുപകരം, ആപേക്ഷികമായ സ്ഥാനം കണ്ടെത്തുന്ന പെർസന്റൈൽ രീതിയിലാണ് പരീക്ഷാസ്കോർ നിർണയിക്കപ്പെടുന്നത് (എൻ.ടി.എ. സ്കോർ). രണ്ടുപരീക്ഷകളും അഭിമുഖീകരിക്കുന്നവരുടെ കാര്യത്തിൽ, ഭേദപ്പെട്ട എൻ.ടി.എ. സ്കോർ, അന്തിമ റാങ്കിങ്ങിനായി പരിഗണിക്കും. പെർസന്റൈൽ സ്കോർ അടിസ്ഥാനമാക്കി എൻ.ടി.എ. സ്കോർ കണക്കാക്കുന്ന രീതി ഇൻഫർമേഷൻ ബുള്ളറ്റിനാൽ വിശദീകരിച്ചിട്ടുണ്ട്.
•അപേക്ഷ
ജനുവരിയിലെ സെഷൻ ഒന്നിലേക്ക് നവംബർ 22-ന് രാത്രി ഒൻപതുവരെ jeemain.nta.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ഓൺലൈനായി അതേദിവസം രാത്രി 11.50 വരെ. നെറ്റ് ബാങ്കിങ്, െക്രഡിറ്റ്/ഡബിറ്റ് കാർഡ്, യു.പി.ഐ. സർവീസസ് എന്നിവവഴി അടയ്ക്കാം. ഓരോ സെഷനിലേക്കുമുള്ള അപേക്ഷാഫീസ് വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.
ആദ്യ സെഷന് അപേക്ഷിക്കുന്നവർക്ക് രണ്ടാം സെഷനും അഭിമുഖീകരിക്കാൻ താത്‌പര്യമുണ്ടെങ്കിൽ, അതിനുള്ള അവസരം രണ്ടാം സെഷനുവേണ്ടിയുള്ള പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ ലഭിക്കും. അവർക്ക് ആദ്യ സെഷനിലെ അപേക്ഷാനമ്പർ ഉപയോഗിച്ച് രണ്ടാം സെഷനുള്ള ഫീസടച്ച് അപ്പോൾ അപേക്ഷ നൽകാം.
രണ്ടാം സെഷനുമാത്രം അപേക്ഷിക്കാൻ താത്‌പര്യമുള്ളവർക്ക് രണ്ടാം സെഷൻ അപേക്ഷസമർപ്പണവേളയിൽ രജിസ്റ്റർചെയ്ത് ഫീസടച്ച് അപേക്ഷിക്കാം.
രണ്ടാം സെഷനിലേക്കുള്ള അപേക്ഷ ജനുവരി 31 മുതൽ ഫെബ്രുവരി 24-ന് രാത്രി ഒൻപതുവരെ നൽകാം. അപേക്ഷാഫീസ് അതേദിവസം രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം. പരീക്ഷ ഏപ്രിൽ ഒന്നിനും എട്ടിനും ഇടയ്ക്ക്. രണ്ടാം സെഷൻ അപേക്ഷ സംബന്ധിച്ച പ്രത്യേക വിജ്ഞാപനം ആ വേളയിലുണ്ടാകും.
* അപേക്ഷ നൽകുമ്പോൾ മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം എന്നിവ നൽകണം. വെരിഫിക്കേഷനുവേണ്ടിയുള്ള ഒ.ടി.പി., പരീക്ഷ സംബന്ധിച്ച അറിയിപ്പുകൾ തുടങ്ങിയവ ഇവയിലൂടെയാകും അറിയിക്കുക.
•അപേക്ഷയ്ക്ക് മൂന്നുഘട്ടങ്ങൾ
ആദ്യഘട്ടം: ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം
രണ്ടാം ഘട്ടം: ലഭിക്കുന്ന യൂസർ നെയിം, രൂപപ്പെടുത്തിയ പാസ്‌വേഡ് എന്നിവ നൽകി ലോഗിൻചെയ്ത് അപേക്ഷ പൂർത്തിയാക്കണം
മൂന്നാംഘട്ടം: രേഖകളുടെ അപ്‌ലോഡിങ്, എക്സാമിനേഷൻ ഫീ ഓൺലൈനായി അടയ്ക്കണം
* ഫീസ് വിജയകരമായി അടച്ചശേഷം കൺഫർമേഷൻ പേജ് ലഭിക്കും. അതിന്റെ പ്രിൻറ് ഔട്ട് എടുത്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കാം. കൺഫർമേഷൻ പേജ് എവിടേക്കും അയക്കേണ്ടതില്ല.
* അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണം. അപേക്ഷ നൽകിക്കഴിഞ്ഞ് ചില ഫീൽഡുകളിൽ തിരുത്തലുകൾ/ഭേദഗതികൾ അനുവദിക്കില്ല
* ഒരാൾ ഒരപേക്ഷയേ നൽകാൻ പാടുള്ളൂ
* ആദ്യസെഷൻ ഫലപ്രഖ്യാപനം ഫെബ്രുവരി 12-നകം പ്രതീക്ഷിക്കാം.
* രണ്ടാം സെഷൻ ഫലപ്രഖ്യാപനം ഏപ്രിൽ 17-നകം പ്രതീക്ഷിക്കാം.
വിവരങ്ങൾക്ക്: jeemain.nta.nic.in (information > information-bulletin) |www.nta.ac.in
ആദ്യ സെഷന് നവംബർ 22 വരെ അപേക്ഷിക്കാം
പരീക്ഷ ജനുവരി 22-നും 31-നും ഇടയ്ക്ക്