മലയാളികള്‍ക്ക് ഇലക്‌ട്രിക്‌ വാഹന കമ്പം; രജിസ്‌ട്രേഷന്‍ രണ്ടുലക്ഷത്തിലേക്ക്

Share our post

കേരളത്തിലെ നിരത്തുകളില്‍ വൈദ്യുതവാഹനങ്ങളുടെ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് വൈദ്യുതവാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷന്‍ രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. 1,83,686 വൈദ്യുതവാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഈവര്‍ഷം മാത്രം 54,703 വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.2023-ല്‍ 75,802 വൈദ്യുതവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2022-ല്‍ 39,623 വൈദ്യുതവാഹനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020-ല്‍ മൊത്തം രജിസ്ട്രേഷനില്‍ 1,368 എണ്ണം മാത്രമായിരുന്നു വൈദ്യുത വാഹനങ്ങള്‍. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുത വാഹന രജിസ്ട്രേഷന്‍ ഈവര്‍ഷം 40 മടങ്ങ് വര്‍ധിച്ചു.

ഓരോ വര്‍ഷം പിന്നിടുമ്പോഴും കേരളീയര്‍ക്ക് വൈദ്യുത വാഹനങ്ങളോടുള്ള പ്രിയം കൂടിവരികയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈവര്‍ഷം അവസാനത്തോടെ കേരളത്തിലെ നിരത്തുകളില്‍ വൈദ്യുതവാഹനങ്ങളുടെ എണ്ണം രണ്ടുലക്ഷം കടന്നേക്കുമെന്നാണ് വിപണിയിലെ പ്രതീക്ഷ. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ തുടങ്ങി ഇലക്ട്രിക് ശ്രേണിയില്‍ എല്ലാ വാഹനങ്ങള്‍ക്കും ആവശ്യകത ഉയരുകയാണ്. ചാര്‍ജിങ് സൗകര്യങ്ങള്‍ വര്‍ധിക്കുന്നതും സര്‍ക്കാര്‍ ആനുകൂല്യങ്ങളുമാണ് വൈദ്യുതവിഭാഗത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

കോപ്പുകൂട്ടി കമ്പനികളും

വര്‍ധിച്ച ആവശ്യകത മുന്നില്‍ കണ്ടുതന്നെ വൈദ്യുത വിഭാഗത്തില്‍ മത്സരം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനികള്‍. ദക്ഷിണകൊറിയന്‍ കാര്‍നിര്‍മാതാക്കളായ ഹ്യൂണ്ടായ് 2025-ല്‍ നാല് വൈദ്യുതവാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് അറിയുന്നത്. ക്രെറ്റ ഇ.വി. ആയിരിക്കും ഇതില്‍ ആദ്യത്തേത്. മഹീന്ദ്രയുടെ എക്‌സ്.യു.വി. ഇ-8 ഈവര്‍ഷം നിരത്തിലെത്തും. എക്‌സ്.യു.വി. ഇ-9 അടുത്തവര്‍ഷം ഏപ്രിലില്‍ മഹീന്ദ്ര ഇന്ത്യയില്‍ ഇറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുചക്രവാഹന വിഭാഗത്തില്‍ പുതിയ വാഹനങ്ങളിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടി.വി.എസും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!