നാലാം ക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; നൃത്താധ്യാപകന് 80 വർഷം കഠിനതടവ്

തൊടുപുഴ: നാലാം ക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച നൃത്താധ്യാപകന് 80 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും. കോടിക്കുളം കോട്ടക്കവല നടുക്കുടിയിൽ സോയസ് ജോർജി(34)നെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി ആഷ് കെ.ബാൽ ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒരുമിച്ച് അനുഭവിക്കണം. അതിനാൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷംതടവ് അനുഭവിച്ചാൽ മതി. പിഴത്തുകയിൽ രണ്ടുലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം.
2015 നവംബർ, ഡിസംബർ മാസങ്ങളിലാണ് കുട്ടി പീഡനത്തിന് ഇരയായത്. പരിശീലനത്തിന്റെ പേരിൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഫോണിലും ലാപ്‌ടോപ്പിലും അശ്ലീല വീഡിയോകൾ കുട്ടിയെ കാണിച്ച് പീഡനത്തിന് ഇരയാക്കി. ഭയന്ന കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ ആശുപത്രിയിലാക്കി. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി വിവരം ഡോക്ടറോട് പറഞ്ഞത്.
ഡോക്ടർ ഇടുക്കി ചൈൽഡ് ലൈനിൽ സംഭവം റിപ്പോർട്ടുചെയ്തു. മറ്റൊരു കുട്ടിയേയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ കുട്ടിയുടെ മൊഴിയും നിർണായകതെളിവായി.
കുട്ടിയുടെ പുനരധിവാസത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശംനല്കി. തൊടുപുഴ എസ്.ഐ. ആയിരുന്ന വി.സി. വിഷ്ണുകുമാർ അന്വേഷിച്ച കേസിൽ സി.ഐ. അഭിലാഷ് ഡേവിഡാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.