പേരാവൂരിലെ അയൽക്കൂട്ടങ്ങൾ ഹരിതമാവും

കുടുംബശ്രീ എ.ഡി.എസ്, സി.ഡി. എസ് അംഗങ്ങൾക്കുള്ള ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു
പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഹരിതമാകും.2025 മാർച്ച് 31 ന് ശുചിത്വകേരളം പ്രഖ്യാപനത്തിന് മുന്നോടിയായാണ് 100% അയൽക്കൂട്ടങ്ങൾ ഹരിതമായി പ്രഖ്യാപിക്കുക.16 വാർഡിലായി 207 അയൽക്കൂട്ടങ്ങളാണ് പഞ്ചായത്തിലുള്ളത്. ഖര മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമസേനക്ക് കൈമാറിയും ജൈവ-ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ചും ജല സ്രോതസ്സുകൾ വൃത്തിയാക്കിയും അയൽകൂട്ടപരിധിയിലെ പാതയോരങ്ങളും പൊതുസ്ഥാപനങ്ങളും സൗന്ദര്യവത്കരിച്ചുമാണ് “ഹരിത അയൽകൂട്ടങ്ങൾ” സൃഷ്ടിക്കുക. സർവേ നടത്തുന്നതിനുള്ള മാർഗരേഖയും വിതരണം ചെയ്തു.
കുടുംബശ്രീ എ.ഡി.എസ്, സി.ഡി. എസ് അംഗങ്ങൾക്കുള്ള ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പരിശീലനം നൽകി. സ്ഥിരം സമിതി അധ്യക്ഷരായ കെ. വി. ശരത്, റീന മനോഹരൻ, പഞ്ചായത്ത് അംഗങ്ങളായ റജീന സിറാജ്, ബേബി സോജ, വി. എം.രഞ്ജുഷ,സി. ഡി.എസ്. ചെയർപേഴ്സൺ ഷാനി ശശീന്ദ്രൻ, കെ.രേഷ്മ, പി.സിനി, ദിവ്യ രാഘവൻ എന്നിവർ സംസാരിച്ചു.