നെല്ലിമലയിലെ ലയത്തിൽ നിന്ന് കേരളടീമിലേക്ക്; അശ്വിന്റേത് ജീവിതത്തോട് കബഡികളിച്ച് നേടിയ വിജയം

വണ്ടിപ്പെരിയാർ (ഇടുക്കി): ഇല്ലായ്മകളുടെയും ദുരിതങ്ങളുടേയും കഥകളാണ് തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങൾക്ക് കൂടുതലും പറയാനുള്ളത്. ആ കഷ്ടപ്പാടുകളിൽ പതറാതെ കബഡി കളിച്ച് കേരള ടീമിൽ വരെ എത്തി നെല്ലിമലയിൽ എസ്.അശ്വിൻ. സബ്ജൂനിയർ വിഭാഗം കേരള കബഡി ടീമിലാണ് വണ്ടിപ്പെരിയാർ ഗവ. യു.പി. സ്കൂളിലെ ഈ ഏഴാം ക്ലാസുകാരൻ ഇടംനേടിയത്.
അച്ഛന്റെ പാത പിന്തുടർന്നു
പോബ്സ് ഗ്രൂപ്പിന്റെ നെല്ലിമല എസ്റ്റേറ്റിലെ ലയത്തിൽ താമസിക്കുന്ന സുരേഷിന്റെയും മഹേശ്വരിയുടേയും രണ്ട് മക്കളിൽ മൂത്തതാണ് അശ്വിൻ. സുരേഷ് ചെറുപ്പംമുതലേ കബഡി കളിക്കുമായിരുന്നു. സ്കൂൾമുതൽ സംസ്ഥാനതലംവരെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അച്ഛനാണ് അശ്വിന്റെ ആദ്യപരിശീലകനും. സുരേഷും മഹേശ്വരിയും തോട്ടം തൊഴിലാളികളായിരുന്നു. തോട്ടംമേഖല പ്രതിസന്ധിയിലായതോടെ സുരേഷ് മേസ്തിരിപ്പണിയിലേക്ക് തിരിഞ്ഞു. എത്ര കഷ്ടപ്പാടുണ്ടെങ്കിലും മക്കളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുമെന്ന് സുരേഷ് പറയുന്നു.
പ്രഥമാധ്യാപകൻ എസ്.ടി.രാജും, കായികാധ്യാപകൻ തിരുവനന്തപുരം സ്വദേശി ശ്യാംകുമാറും, മറ്റ് അധ്യാപകരും തരുന്ന അകമഴിഞ്ഞ പിന്തുണയാണ് തന്റെ നേട്ടത്തിന് പിന്നിെലന്ന് അശ്വിൻ പറയുന്നു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ആദിത്യനാണ് സഹോദരൻ.
വണ്ടിപ്പെരിയാർ ഗവ. സ്കൂളിൽ കളിക്കളം പോലുമില്ല. സ്കൂളിന്റെ മുറ്റത്താണ് കുട്ടികളുടെ പരിശീലനം. ഇവിടുത്തെ മറ്റൊരു കുട്ടി ദിനേശ് ജില്ലാ ടീമിൽ ഇടം നേടിയിരുന്നു.സുരേഷിന്റെ സഹോദരി മഹേശ്വരിയും കബഡിയിൽ സംസ്ഥാനതലം വരെ എത്തിയിരുന്നു. കേരളപ്പിറവി ദിനത്തിൽ അശ്വിന് സ്കൂളിൽ സ്വീകരണം നൽകും. വാഴൂർ സോമൻ എം.എൽ.എ.യും കളക്ടർ വി.വിഗ്‌നേശ്വരിയും പങ്കെടുക്കുെമന്ന് സ്കൂൾ അധികൃതർ അറിയിച്ചു.