ഗുണനിലവാരമില്ലാത്ത പെയിന്റ് നൽകി കബളിപ്പിച്ചു; കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Share our post

കൊച്ചി: ​ഗുണനിലവാരമില്ലാത്ത പെയിന്റ് നൽകിയ കമ്പനിയും ഡീലരും വിലയും നഷ്ടപരിഹാരവും കോടതി ചെലവുമടക്കം 3.5 ലക്ഷം രൂപ പരാതിക്കാരിന് നൽകണമെന്ന് എറണാകുളം ജില്ല തർക്ക പരിഹാര കമീഷൻ. പെയിന്റിന് ​ഗുണനിലവാരമില്ലാത്തതുമൂലം മതിലിൽ അടിച്ച പെയിന്റെ പൊളിഞ്ഞു പോയെന്ന എറണാകുളം കോതമംഗലം സ്വദേശി ടി എം മൈതീന്റെ പരാതിയിലാണ് നടപടി.

പെയിന്റ് വാങ്ങാൻ ചെലവായ 78,860 രൂപയും അതുമാറ്റി പുതിയ പെയിന്റ് അടിക്കുന്നതിന്റെ ചെലവായ 2,06979 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 20,000 രൂപയും ഉപഭോക്താവിന് നൽകണമെന്നാണ് ഉത്തരവ്.

കോതമംഗലത്തെ വിബ്ജോർ പെയിന്റ്സ് എന്ന സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തെ വാറണ്ടിയോടെയാണ് ബർജർ പെയിന്റ് പരാതിക്കാരൻ വാങ്ങിയത്. അതിനുള്ളിൽ തന്നെ പ്രതലത്തിൽ നിന്നും പെയിന്റ് പൊളിഞ്ഞു പോകാൻ തുടങ്ങി. ഡീലറെ സമീപിച്ചു പരാതി പറഞ്ഞതിനെ തുടർന്ന് നിർമ്മാണ കമ്പനിയുടെ പ്രതിനിധി വന്ന പരിശോധിക്കുകയും എന്നാൽ യാതൊരുവിധ തുടർ നടപടികളും പിന്നീട് ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് പരാതിക്കാരൻ ഉപഭോക്തൃ കമീഷനെ സമീപിച്ചത്.

നിർമാതാക്കളുടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ വിശ്വസിച്ച് ഉൽപന്നങ്ങൾ വാങ്ങിയ ഉപയോക്താക്കൾ കബളിപ്പിക്കപ്പെടുമ്പോൾ ഇത്തരം അധാർമികമായ വ്യാപാര രീതി അനുവദിക്കാനാവില്ലെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. പെയിന്റ് ചെയ്ത് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പൊളിഞ്ഞു പോകുകയും പരാതിപ്പെട്ടപ്പോൾ പരിഹരിക്കാൻ എതിർകക്ഷികൾ തയാറായില്ലെന്നും കമ്മിഷൻ വിലയിരുത്തി. പിഴ തുക 30 ദിവസത്തിനകം ഉപഭോക്താവിന് നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചു. പരാതിക്കാർക്ക് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!