ആപ്പിളില്‍ നിന്ന് എട്ടു കോടി പാരിതോഷികം നേടാം; ചെയ്യേണ്ടത് വെറും ഹാക്കിങ്

Share our post

ഹാക്കര്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിള്‍ കമ്പനിയുടെ ഇന്റലിജന്‍സ് സെര്‍വര്‍ ഹാക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? സാധിക്കുമെങ്കില്‍ 8 കോടിയിലധികം രൂപ ആപ്പിള്‍ പാരിതോഷികമായി തരും. ആപ്പിളിന്റെ വിപുലീകരിച്ച് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമാണ് ഇത്. എ.ഐയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സിന്റെ മികച്ച ഫീച്ചറുകള്‍ ഇറങ്ങുന്നതിന്റെ മുന്നോടിയായാണ് ഈ പ്രഖ്യാപനം.

ആപ്പിള്‍ ഇന്റലിജന്‍സ് സെര്‍വറിന്റെ തകരാറുകളോ പ്രശ്‌നങ്ങളോ കണ്ടെത്താനായി ആപ്പിള്‍ അതിന്റെ പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് ഗവേഷകര്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. എ.ഐ കമ്പ്യൂട്ടിങ്ങിനായി നിലവിലുള്ളതില്‍ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ഇത് ആളുകളിലേക്ക് എത്തിക്കുന്നതിനും സാധ്യതയുള്ള സുരക്ഷ പാളിച്ചകള്‍ തിരിച്ചറിയാനുമാണ് ആപ്പിള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. സുരക്ഷ പാളിച്ചകള്‍ കണ്ടെത്തുന്നവര്‍ക്കാണ് ഈ തുക റിവാര്‍ഡായി ലഭിക്കുക.

വെര്‍ച്വല്‍ റിസര്‍ച്ച് എന്‍വയോര്‍മെന്റിലൂടെയാണ് ആപ്പിള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈബര്‍ ഗവേഷകരുമായി ഇത് സംവദിക്കുക. മൂന്ന് കാറ്റഗറിയായാണ് ആപ്പിള്‍ ഈ ബൗണ്ടി പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഫിഗറേഷന്‍ പിഴവുകള്‍ അല്ലെങ്കില്‍ സിസ്റ്റം ഡിസൈന്‍ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന അപ്രതീക്ഷിത ഡാറ്റ ഡിസ്‌ക്ലോഷറിലേക്ക് നയിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 250000 ഡോളറാണ് പ്രതിഫലം. ഉപയോക്താവിന്റെ റിക്വസ്റ്റുകള്‍ ചൂഷണം ചെയ്ത് ഒരു അറ്റാക്കറിന് പി.സി.സിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന സുരക്ഷ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളറാണ് പ്രതിഫലം. സിസ്റ്റത്തിലെ ഫിസിക്കല്‍ അല്ലെങ്കില്‍ ഇന്റേര്‍ണല്‍ ആക്‌സസ് പോയന്റുകളില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 1,50,000 ഡോളര്‍ വരെയാണ് റിവാര്‍ഡ്.

ഈ മൂന്ന് കാറ്റഗറിയിലുമല്ലാതെയുള്ള സുരക്ഷ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്കും ആപ്പിള്‍ മൂല്യത്തിനനുസരിച്ചുള്ള റിവാര്‍ഡുകള്‍ നല്‍കും. ഈ പ്രോഗ്രാമിന്റെ സുതാര്യതയ്ക്കായി ഗവേഷകര്‍ക്ക് ആവശ്യമായ റിസോഴ്‌സുകളെല്ലാം ആപ്പിള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി ഒരു പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് സെക്യൂരിറ്റി ഗൈഡും ആപ്പിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. iOS 18.1 ലൂടെയാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഉപയോക്താക്കളിലേക്ക് എത്തുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!