ന്യൂ ഡല്‍ഹി: കേരള ഹൈക്കോടതിക്ക് സമീപത്തെ മംഗള വനം പക്ഷി സങ്കേതത്തിന്റെ മൂന്ന് അതിര്‍ത്തികൾ സീറോ ബഫര്‍ സോണ്‍ ആക്കുന്നു. പക്ഷി സങ്കേതത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അതിര്‍ത്തികളിലെ പരിസ്ഥിതി ലോല മേഖലയാണ് പൂര്‍ണ്ണമായും ഒഴിവാക്കുന്നത്. ഇത് സംബന്ധിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കരട് വിജ്ഞാപനം മാറ്റങ്ങള്‍ ഇല്ലാതെ അംഗീകരിക്കപ്പെട്ടാല്‍ കേരള ഹൈക്കോടതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്ന് നീങ്ങും.
കൊച്ചിയുടെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന മംഗളവനത്തിനു ചുറ്റുമുള്ള കൊച്ചി കോര്‍പറേഷനിലും മുളവുകാട് പഞ്ചായത്തിലുമായി 353 സര്‍വേ പ്ലോട്ടുകളാണു പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ വരുന്നത്. പരിസ്ഥിതി ലോല മേഖലയില്‍ നിര്‍മാണങ്ങള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ നിയന്ത്രണങ്ങള്‍ കേരള ഹൈക്കോടതിയുടെ അടിസ്ഥാന സൗകര്യ വികസനത്തെ ഉള്‍പ്പടെ സാരമായി ബാധിച്ചിരുന്നു. പക്ഷി സങ്കേതത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അതിര്‍ത്തികളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കൈമാറിയിരുന്നു. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കൈമാറിയ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ മംഗള വനം പക്ഷി സങ്കേതത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അതിര്‍ത്തികളില്‍ സീറോ ബഫര്‍ സോണ്‍ ആക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് ആര്‍ രഘു പ്രസാദ് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം നല്‍കിയ വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന. മംഗള വനം പക്ഷി സങ്കേതത്തിന്റെ പരിഷ്‌കരിച്ച ബഫര്‍ സോണ്‍ സംബന്ധിച്ച കരട് വിജ്ഞാപനം ഉടന്‍ ഇറക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കരട് വിജ്ഞാപനം സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ പൊതു ജനങ്ങള്‍ക്കും, സംഘടനകള്‍ക്കും 60 ദിവസം ലഭിക്കും. ഈ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് ആകും അന്തിമ വിജ്ഞാപനം പുറത്തിറങ്ങുക.
പക്ഷിസങ്കേതമായ മംഗള വനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശിയ ഹരിത ട്രിബ്യുണല്‍ നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. വനഭൂമിയും, പക്ഷിസങ്കേതത്തിന് അടുത്തുള്ള ഭൂമിയും ആയതിനാല്‍ നിര്‍മാണ പ്രവത്തനങ്ങള്‍ നടത്തുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെയും, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെയും ലംഘനം ആണെന്ന് വ്യക്തമാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശിയ ഹരിത ട്രിബ്യുണല്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
പാര്‍ക്കിങ് നിര്‍മാണത്തിന് റെയില്‍വേ കനിയണം
കേരള ഹൈക്കോടതിയുടെ പാര്‍ക്കിങ് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് എറണാകുളം വില്ലേജിലെ കണയന്നൂര്‍ താലൂക്കിലെ 466.2 ചതുരശ്ര മീറ്റര്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കാന്‍ 2019 ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മംഗള വനത്തിലേക്ക് പോകുന്ന സലീം അലി റോഡിന് സമീപത്തുള്ള ഭൂമിയാണ് 35 വര്‍ഷത്തെ ലീസിന് സംസ്ഥാന സര്‍ക്കാരിന് നല്‍കാനായിരുന്നു ഉത്തരവ്. ഹൈക്കോടതിയുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഈ ഭൂമി വിനിയോഗിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് റെയില്‍വെ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്.
മംഗള വനം പക്ഷി സങ്കേതത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അതിര്‍ത്തികളില്‍ സിറോ ബഫര്‍ സോണ്‍ ആയാലും ഹൈക്കോടതിയുടെ പാര്‍ക്കിങ് നിര്‍മ്മാണത്തിന് റെയില്‍വേ കനിയേണ്ടി വരും. അല്ലെങ്കില്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന് വിട്ട് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവക്കേണ്ടി വരും.