ചുരം ‘ബ്ലോക്കായാല്‍’ വയനാട് ഒറ്റപ്പെട്ടു; വരുമോ വയനാട്ടില്‍ ബദല്‍പ്പാതകള്‍

Share our post

ചുരങ്ങളിലൂടെയുള്ള യാത്ര തടസപ്പെട്ടാല്‍ വയനാട് പിന്നെ ഒറ്റയ്ക്കായി, ജില്ല നേരിടുന്ന ഗതാഗത പ്രതിസന്ധിയെ ഒറ്റവാക്കില്‍ ഇങ്ങനെ പറയാം. ചുരം കയറാതെയും ഇറങ്ങാതെയും സഞ്ചരിക്കണമെന്ന വയനാട്ടുകാരുടെ സ്വപ്‌നങ്ങള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്.പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍റോഡ്, പിപ്പിലിത്തോട്-മരുതിലാവ് തളിപ്പുഴ റോഡ് ഇങ്ങനെ ബദല്‍പ്പാതകള്‍ പരിഗണനയിലുണ്ട്. നടപടികള്‍ പുരോഗമിക്കുന്നുവെന്ന പതിവു പറച്ചിലുകള്‍ക്കപ്പുറം ഒന്നുമില്ല. ചര്‍ച്ചകള്‍, പ്രതിഷേധങ്ങള്‍ എന്നിവയൊക്കെ നടക്കുന്നുണ്ടെങ്കിലും ഒരു ബദല്‍പ്പാതയെന്ന സ്വപ്നം എന്ന് യാഥാര്‍ഥ്യമാവുമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല.

എന്നെങ്കിലും ശാപമോക്ഷമുണ്ടാവുമോ?

ചുരമില്ലാതെ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിനായുള്ള കാത്തിരിപ്പിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. 1994 സെപ്റ്റംബര്‍ 24- ന് പ്രവൃത്തി ഉദ്ഘാടനം നടത്തിയ 27 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ബദല്‍പ്പാതയുടെ 75 ശതമാനം നിര്‍മാണവും പൂര്‍ത്തിയായ ശേഷമാണ് നിലച്ചത്.

12 കിലോമീറ്റര്‍ വനത്തിലൂടെ കടന്നുപോവേണ്ടതിനാല്‍ ഏറ്റെടുക്കേണ്ട 52 ഏക്കര്‍ വന ഭൂമിക്കുപകരം 104 ഏക്കര്‍ സ്ഥലം വനവത്കരണത്തിന് വിട്ടുകൊടുത്തിരുന്നു. തുടര്‍ന്ന് പൂഴി ത്തോടുഭാഗത്ത് വനാതിര്‍ത്തിവരെ മൂന്നു കിലോമീറ്ററും പടിഞ്ഞാറത്തറ കാപ്പിക്കളംവരെ എട്ടുകിലോമറ്ററും നിര്‍മാണപ്രവൃത്തി നടത്തി. എന്നാല്‍, വനഭൂമി വിട്ടുനല്‍കുന്ന കാര്യത്തില്‍ കേന്ദ്ര വനംമന്ത്രാലയം തീരുമാനമെടുക്കാതെ വന്നതോടെ പദ്ധതി അനിശ്ചിതത്വത്തിലായി.

വനഭൂമി ലഭ്യമാക്കി റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഉപയോഗിച്ച് സര്‍വേ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്നരക്കോടി രൂപയാണ് സര്‍വേ ക്കായി മാറ്റിവെച്ചത്. സര്‍വേയുടെ ഭാഗമായുള്ള പരിശോധനയ്ക്ക് വനത്തില്‍ പ്രവേശിപ്പിക്കാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇതുകാരണം സര്‍വേ നടപടികളും അനിശ്ചിതത്വത്തിലായി. സര്‍വേ നടപടികള്‍ വേഗത്തിലാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ റോഡിനായി അനുകൂല നടപടി സ്വീകരിക്കണമെന്നുമാണ് ഇപ്പോഴത്തെ ആവശ്യം. റോഡ് യഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റ് പരിസരത്ത് സമരം തുടങ്ങിയിട്ടുതന്നെ രണ്ടു വര്‍ഷമായി.

പുരോഗതിയില്ലാതെ ചുരം ബൈപ്പാസ്

കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് പ്രവേശിക്കാന്‍ വിഭാവനം ചെയ്ത ചുരം ബൈപ്പാസ് റോഡും ഫയലില്‍ത്തന്നെയാണ്. താമരശ്ശേരി ചുരംപാതയിലെ ചിപ്പിലിത്തോട് ജങ്ഷനില്‍നിന്ന് തുടങ്ങി മരുതിലാവുവഴി തളിപ്പുഴ ജങ്ഷനില്‍ എത്തിച്ചേരുന്നതാണ് നിര്‍ദിഷ്ട ബൈപ്പാസ്. 14 കിലോമീറ്റര്‍ ദൂരമുള്ള റോഡ് ചെലവും ദൈര്‍ഘ്യവും കുറഞ്ഞതുമാണ്. കോഴിക്കോട് ജില്ലയില്‍ 4.85 ഹെക്ടര്‍ വനഭൂമിയും 21.1 ഹെക്ടര്‍ സ്വകാര്യഭൂമിയും വയനാട് ജില്ലയില്‍ ഇ.എഫ്.എലും റിസര്‍വ് വനഭൂമിയുമുള്‍പ്പെടെ 12 ഹെക്ടറുമാണ് ഇതിനായി ആകെ ഏറ്റെടുക്കേണ്ടത്. രണ്ടുതവണ സര്‍വേ നടത്തി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയതാണെങ്കിലും തുടര്‍നടപടികള്‍ കാര്യമായൊന്നുമുണ്ടായില്ല. നിലവില്‍ ദേശീയപാതാവിഭാഗം സാധ്യതാപഠനം നടത്തുന്നതാണ് ഇപ്പോള്‍ പ്രതീക്ഷ നല്‍കുന്ന പുരോഗതി.

അടിയന്തരാനുമതി നല്‍കണം

‘പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ സര്‍വേ നടത്താന്‍ തീരുമാനിച്ചതും തുക വകയിരുത്തിയതും വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ സര്‍വേയും അനിശ്ചിതത്വത്തിലേക്ക് പോവുകയാണ്. സര്‍വേ നടത്താന്‍ അടിയന്തരാനുമതി വനംവകുപ്പ് നല്‍കണം. റോഡ് യാഥാര്‍ഥ്യമാക്കാണം.’ – ശകുന്തള ഷണ്‍മുഖന്‍ (ചെയര്‍പേഴ്‌സണ്‍ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് ജനകീയകര്‍മസമിതി).

പ്രാധാന്യം തിരിച്ചറിയണം

‘കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ ഏറ്റവും ഗതാഗതക്കുരുക്കുണ്ടാവുന്ന ഭാഗമാണ് വയനാട് ചുരം. എന്നാല്‍, ഈ ചുരംപാത ഒഴിവാക്കാനും പറ്റാത്തതാണ്. ഈ സാഹചര്യത്തില്‍ ചുരം ബൈപ്പാസിന് വലിയ പ്രസക്തിയുണ്ട്. അത് കണക്കിലെടുത്ത് ചുരം ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കാന്‍ നടപടിവേണം.’ – ടി.ആര്‍. ഓമനക്കുട്ടന്‍ (വയനാട് ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!