കോട്ടയം തമ്പുരാന്‍ കഥകളി ഉത്സവം നാലാം ദിവസത്തിലേക്ക്

Share our post

ഇരിട്ടി: കഥകളിയെന്ന വിശ്വോത്തര കലാരൂപം ആവിര്‍ഭവിച്ച ക്ഷേത്രനടയില്‍ നടക്കുന്ന കഥകളി ഉത്സവം ഞായറാഴ്ച നാലാം ദിവസത്തിലേക്ക് കടക്കും. കഥകളിരംഗത്തെ പ്രഗദ്ഭരായ കലാകാന്മാരെ ഒന്നിച്ചണിനിരത്തിയാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്ര മുറ്റത്ത് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന കഥകളി ഉത്സവം നടന്നുവരുന്നത്.

ശനിയാഴ്ച കോട്ടയം തമ്പുരാന്റെ പ്രസിദ്ധമായ കിര്‍മ്മീരവധം ആട്ടക്കഥയുടെ ആദ്യഭാഗമാണ് അരങ്ങിലെത്തിയത്. ധര്‍മ പുത്രരായി കലാമണ്ഡലം ബാലസുബ്രമണ്യന്‍ അരങ്ങത്ത് ശോഭിച്ചപ്പോള്‍ പാണ്ഡവ പത്‌നി പഞ്ചാലിയായി സദനം വിജയനും അരങ്ങില്‍ നിറഞ്ഞുനിന്നു. കലാമണ്ഡലം മഹേന്ദ്രന്‍ (ധൗമ്യന്‍), കലാ. അജീഷ് (ആദിത്യന്‍), കലാ. മുകുന്ദന്‍ (ശ്രീകൃഷ്ണന്‍), കലാ. നാരായണന്‍കുട്ടി (സുദര്‍ശനന്‍), കലാ.രവികുമാര്‍ (ദുര്‍വാസാവ്), കോട്ടക്കല്‍ സി.എം. ഉണ്ണികൃഷ്ണന്‍ ( രാണാം ധര്‍മപുത്രര്‍) എന്നിവര്‍ വേഷമിട്ടു.

കോട്ടക്കല്‍ മധുവും കലാ. ജയ്പ്രകാശും കോട്ടക്കല്‍ സന്തോഷും കലാ. പ്രണവും ( പൊന്നാനിയും ശിങ്കിടിയുമായി പിന്നണിയില്‍ സംഗീതത്തിലൂടെ അരങ്ങളിലെ ഭാവങ്ങള്‍ക്ക് മികവ് പകര്‍ന്നു. ചെണ്ടയില്‍ കഥകളി മേളത്തിലെ ആചാര്യന്‍ കൂടിയായ കലാ. ഉണ്ണികൃഷ്ണന്‍ നടന്മാരുടെ ചലനങ്ങള്‍ക്ക് ഓളം സൃഷ്ടിച്ചു. കലാ. നന്ദകുമാറും കലാ. സുധീഷും ചെണ്ടിയില്‍ ആശാനോടോപ്പം നിന്നു. മദ്ദളത്തില്‍ കോട്ടക്കല്‍രവിയും കലാ.വേണുഗോപാലനും, കലാ.സുധീഷും മേളകൊഴുപ്പേകി. ചുട്ടിയില്‍ കലാ. സതീശനും, സദനം വിവേകും അണിയറ നിയന്ത്രിച്ചു.

ആട്ടക്കഥകള്‍ പൂര്‍ണമായാണ് അരങ്ങേറുന്നത് എന്ന പ്രത്യേകത കൂടി കഥകളി ഉത്സവത്തിനുണ്ട്. കേന്ദ്ര സാസംസ്‌ക്കാരിക വകുപ്പിനു കീഴിലുള്ള തഞ്ചാവൂര്‍ സൗത്ത്‌സോണ്‍ കള്‍ച്ചറല്‍ സെന്ററും മൃദംഗശൈലേശ്വരി ക്ഷേത്രവും ചേര്‍ന്ന് കഥകളി ആചാര്യന്‍ പദ്മശ്രീ സദനം ബാലകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെറുതുരുത്തി കഥകളി സ്‌കൂള്‍ ഡയറക്ടര്‍ കലാ.ഗോപാലകൃഷ്ണനാണ് പരിപാടിയുടെ ഏകോപനം. ഞായറാഴ്ച നടക്കുന്ന കഥകളി ഉത്സവത്തില്‍ കിര്‍മീരവധം ശാര്‍ദൂലന്‍ മുതല്‍വധം വരെയുള്ള രണ്ടാം ഭാഗമാണ് അരങ്ങിലെത്തുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!