ജനകീയ സദസ്സുകളിൽ 443 റൂട്ടുകൾക്കുള്ള അപേക്ഷകൾ; പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കും

കണ്ണൂർ: ഉൾനാടുകളിലെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ് റൂട്ടുകൾക്ക് നിർദേശം ക്ഷണിച്ചുള്ള ജനകീയ സദസ്സുകൾ ജില്ലയിൽ പൂർത്തിയായതായും റൂട്ടുകൾ അനുവദിച്ച് സർക്കാർ ഉത്തരവ് ലഭ്യമായാൽ സർവീസ് നടത്താൻ സ്വകാര്യ ബസുടമയോ കെഎസ്ആർടിസിയോ തയ്യാറായാൽ പെർമിറ്റുകൾ അനുവദിക്കുമെന്നും ജില്ലാ വികസന സമിതി യോഗത്തിൽ ആർ ടി ഒ അറിയിച്ചു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ജനകീയ സദസ്സുകൾ പൂർത്തിയായി. 443 റൂട്ടുകൾക്കുള്ള അപേക്ഷകൾ ലഭ്യമായി.
റൂട്ടുകളുടെ ആവശ്യകത സംബന്ധിച്ച് അന്വേഷണം നടത്തി ക്രോഡീകരിച്ച റിപ്പോർട്ട് ഒക്‌ടോബർ 31 മുമ്പ് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ നവംബർ 15ന് മുമ്പ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിക്കുമെന്നും ആർടിഒ അറിയിച്ചു.
കണ്ണൂർ മണ്ഡലത്തിലെ നിർമ്മാണം പൂർത്തീകരിച്ച ബണ്ട് പാലത്തിന് ഏറ്റെടുത്ത സ്ഥലത്തിനുള്ള നഷ്ടപരിഹാരതുക നൽകാനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നുള്ള ഉറപ്പോടെ മുൻകൂട്ടി സമ്മതപത്രം വാങ്ങിയാണ് പ്രവൃത്തി തുടങ്ങിയത്. പാലത്തിന്റെ നഷ്ടപരിഹാര തുക നൽകാത്തതിനാൽ അപ്രോച്ച് റോഡ് നിർമ്മാണം നിലച്ചിരിക്കുകയാണെന്നും തുടർ നപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നടാലിൽ പുതിയ ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് തോട്ടട നടാൽ തലശ്ശേരി റോഡ് പൂർണ്ണമായും അടയ്ക്കുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാന പ്രകാരമുളള റിപ്പോർട്ട് ഉടൻ സമർപ്പിക്കണം. ഭരണാനുമതി നൽകിയ നടാൽ പാലത്തിന്റെ നിർമ്മാണത്തിനായി ടെണ്ടർ നടപടികൾക്ക് വനംവകുപ്പിന്റെ അനുവാദം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ പരിശോദിച്ച് ഉടൻ തുടർ നടപടികൾ സ്വീകരിക്കാൻ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.