വ്യാജ വാർത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി; ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം : വ്യാജ വാർത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ മറുനാടൻ മലയാളി യുട്യൂബ് ചാനലിന്റെ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്ത് പൊലീസ്. കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം എ. എച്ച് ഹഫീസ് നൽകിയ പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്.തനിക്കെതിരെ വ്യാജവാർത്ത നൽകിയെന്നും ഇത് പിൻവലിക്കാൻ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് എ.എച്ച് ഹഫീസിന്റെ പരാതി. കൊലക്കേസ് പ്രതികളെ മുണ്ടക്കയത്തുള്ള ഒരു ബേക്കറിയിൽ ഒളിപ്പിച്ചു എന്ന തരത്തിലാണ് തനിക്കെതിരെ വ്യാജവാർത്ത നൽകിയതെന്ന് ഹഫീസ് പരാതിയിൽ പറയുന്നു.
കൂടാതെ ഇക്കഴിഞ്ഞ ആഗസ്റ്റ് 24 ന് പരാതിക്കാരൻ കാറുമായി പട്ടം പനച്ചമൂട് ലെയിനിൽ നിൽക്കുമ്പോൾ ഷാജൻ സ്കറിയ മറ്റൊരു കാറിൽ അവിടെയെത്തുകയും ‘നിങ്ങൾക്ക് 34 ലക്ഷം രൂപയുടെ കാർ വാങ്ങാൻ പണമുണ്ട് ഞാൻ ആവശ്യപ്പെട്ട 15 ലക്ഷം രൂപ തരാൻ പറ്റില്ല അല്ലെ, നിന്നെ ഞാൻ കാണിച്ചു തരാം’ എന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ കേസ്
കുറച്ച് ദിവസം മുൻപ് പി.വി ശ്രീനിജിൻ എം.എൽ.എക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ ഷാജൻ സ്‌കറിയയെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യം ഉള്ളതിനാൽ വിട്ടയക്കുകയായിരുന്നു.
വ്യാജ വാർത്തയുണ്ടാക്കി വ്യക്ത്യാധിക്ഷേപം നടത്തുന്നുവെന്ന എംഎൽഎയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐടി – ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് പൊലീസ് കേസെടുത്തത്.
മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയ, സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്. കഴിഞ്ഞ കുറേ വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പരാതിയിലുണ്ട്. ആസൂത്രിതമായ അജൻഡയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എംഎൽഎ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
എറണാകുളം അസിസ്റ്റൻ്റ് കമ്മീഷണർക്കായിരുന്നു അന്വേഷണച്ചുമതല. കേസിൽ സുപ്രീം കോടതി ഉപാധികളോടെ ഷാജന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഷാജൻ സ്കറിയ എറണാകുളം സെൻട്രൽ എസിയ്ക്കു മുമ്പാകെ ഹാജരായത്.