യൂത്ത്‌ ബ്രിഗേഡിറങ്ങി; ക്ലീനായി പരിയാരം മെഡിക്കൽ കോളേജ്‌ പരിസരം

Share our post

പരിയാരം:കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ച്‌ പരിസര ശുചീകരണം നടത്തി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്. ഇഴജന്തുക്കൾ ഭീഷണിയാവുന്നുവെന്ന്‌ നാട്ടുകാരും രോഗികളും കൂട്ടിരിപ്പുകാരും വിദ്യാർഥികളും ജീവനക്കാരുമുൾപ്പെടെ പരാതിയുയർത്തിയിരുന്നു. ഇതോടെയാണ്‌ ഡിവൈഎഫ്‌ഐ യന്ത്രസാമഗ്രികളുമായി ശുചീകരണത്തിനിറങ്ങിയത്‌.119 ഏക്കറോളം വരുന്ന ഭാഗം ശുചീകരിക്കാൻ മെഡിക്കൽ കോളേജിന്റെ വിവിധ ഇടങ്ങളിൽ മാടായി, തളിപ്പറമ്പ്, പയ്യന്നൂർ, പെരിങ്ങോം, പാപ്പിനിശേരി ബ്ലോക്കുകളിൽനിന്നായി മുന്നൂറോളം യൂത്ത് ബ്രിഗേഡ് വളന്റിയർമാർ രംഗത്തിറങ്ങി.പ്രധാന കവാടം, മോർച്ചറി, അക്കാദമി പരിസരം, ഹോസ്റ്റൽ പരിസരം, നേഴ്സിങ്‌, പാരാമെഡിക്കൽ, ഫാർമസി, ലൈബ്രറി, ഡെന്റൽ വിഭാഗങ്ങൾ, ഓക്സിജൻ പ്ലാന്റ് പരിസരങ്ങളാണ് രാവിലെ 6.30 മുതൽ 10വരെയായി ശുചീകരിച്ചത്. ശുചീകരണ പ്രവർത്തനം ജില്ലാ സെക്രട്ടറി സരിൻ ശശി ഉദ്ഘാടനംചെയ്തു. വി കെ നിഷാദ് അധ്യക്ഷനായി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ സുദീപ്, പി പി അനിഷ, പി പി സിദിൻ, ഷിബിൻ കാനായി, സി പി മുഹാസ്, വി പി രജീഷ്, സി നിഖിൽ, എ സുധാജ്, പ്രജീഷ് ബാബു, സി കെ ഷോന, സി പി ഷിജു എന്നിവർ സംസാരിച്ചു.

മാതൃകാ പ്രവർത്തനം

സാധാരണ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ മെഡിക്കൽ കോളേജിൽ സർക്കാർ വൻ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്‌. കാരുണ്യമേഖലയിൽ അതിനൊപ്പം ചേർന്നുനിൽക്കുന്ന പ്രവർത്തനങ്ങളുമായി ഡി.വൈ.എഫ്ഐയും പരിയാരത്ത്‌ സജീവസാന്നിധ്യമാണ്‌. പൊതിച്ചോർ വിതരണത്തിലും ശുചീകരണത്തിലുമെല്ലാം നിറഞ്ഞുനിൽക്കുന്നുണ്ട്‌ യുവത. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നടത്തുന്ന ഇത്തരം സേവനങ്ങൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കുമെല്ലാം വലിയ ആശ്വാസമേകുന്ന മാതൃകാപ്രവർത്തനമാണ്‌.
ഡോ. കെ സുദീപ് സൂപ്രണ്ട്‌,ഗവ. മെഡിക്കൽ കോളേജ്‌ പരിയാരം, കണ്ണൂർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!