അഞ്ചുവർഷത്തിനിടെ തൊണ്ണൂറോളം ആത്മഹത്യ; പോലീസുകാരുടെ ജോലിസമ്മർദം ‘പഠിക്കാൻ’ സർക്കാർ

തിരുവനന്തപുരം: ജോലിസമയം എട്ടുമണിക്കൂറാക്കുമെന്ന പ്രഖ്യാപനം വെറുംവാക്കായിരിക്കെ പോലീസിന്റെ ജോലിസമ്മർദം വീണ്ടും പഠിക്കുന്നു.സോഷ്യൽ പോലീസിങ് ഡയറക്ടറേറ്റിനു കീഴിലെ ‘ഹാറ്റ്‌സ്’ ആണ് പഠനംനടത്തുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യക്കുവരെ കാരണമാകുന്ന സമ്മർദങ്ങളിൽനിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം.എല്ലാ പോലീസുകാരിൽനിന്നും ഗൂഗിൾ ഫോം വഴി വിവരം ശേഖരിക്കും. ഈ മാസം 28-നുമുൻപ് എല്ലാ ഉദ്യോഗസ്ഥരും ഗൂഗിൾ ഫോം പൂരിപ്പിച്ചുനൽകാൻ സോഷ്യൽ പോലീസിങ് വിഭാഗത്തിന്റെ ഡയറക്ടർ ഡി.ഐ.ജി. അജിതാ ബീഗം യൂണിറ്റ് മേധാവിമാരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ സ്വകാര്യവിവരങ്ങൾ ക്രോഡീകരിക്കില്ല.
ശേഖരിക്കുന്നത് ഇവയൊക്കെ
* പോലീസ് ഉദ്യോഗസ്ഥരുടെ സമ്മർദം
* അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ
* സമ്മർദം ഉദ്യോഗസ്ഥരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു
* എന്താണ് പരിഹാരം
* ഉദ്യോഗസ്ഥർ താമസിക്കുന്നത് ക്വാർട്ടേഴ്‌സിലാണോ
* കുടുംബത്തിൽ കിടപ്പുരോഗികളുണ്ടോ
* രാത്രിഡ്യൂട്ടി ആഴ്ചയിൽ എത്രമണിക്കൂർ
* ആഴ്ചയിൽ ശരാശരി എത്രമണിക്കൂർ ജോലിചെയ്യുന്നു
* അഞ്ചുവർഷത്തിനിടെ എത്ര സ്ഥലംമാറ്റമുണ്ടായി
90 ആത്മഹത്യ
അഞ്ചുവർഷത്തിനിടെ തൊണ്ണൂറോളം പോലീസ് ഉദ്യോഗസ്ഥർ ജീവനൊടുക്കിയിട്ടുണ്ട്. ഇതിന്റെ പ്രധാനകാരണവും ജോലിസമ്മർദമാണെന്നാണ് ആക്ഷേപം.ഒട്ടേറെ ഉദ്യോഗസ്ഥർ സ്വയം വിരമിക്കുകയും ചെയ്തിരുന്നു. സേനയിലെ ആൾക്ഷാമം ജോലിഭാരത്തോടൊപ്പം സമ്മർദം കൂട്ടുന്നതായി പോലീസ് സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു.പോലീസുകാർക്കും കുടുംബാംഗങ്ങൾക്കും കൗൺസലിങ് നൽകുന്നതിനും മറ്റുമായി ആരംഭിച്ച ഹാറ്റ്‌സ് വഴി ഇതുവരെ ആറായിരത്തോളം ഉദ്യോഗസ്ഥർ കൗൺസലിങ് നേടിയിട്ടുണ്ട്.