യു.പി.ഐ. വിലാസം മറ്റുസേവനങ്ങൾക്ക് ഉപയോഗിക്കരുത്; കർശനനടപടി ഉണ്ടാകുമെന്ന് എൻ.പി.സി.ഐ

മുംബൈ: യു.പി.ഐ.വഴിയുള്ള സാമ്പത്തിക ഇടപാടുകൾക്കുള്ള വെർച്വൽ വിലാസം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ നാഷണൽ പേമെന്റ് കോർപ്പറേഷൻ (എൻ.പി.സി.ഐ.). യു.പി.ഐ. വിലാസം സാമ്പത്തിക ഇടപാടുകൾ നടത്താനും തീർപ്പാക്കാനും മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എൻ.പി.സി.ഐ. ഫിൻടെക് കമ്പനികൾക്കും ബാങ്കുകൾക്കും കത്തുനൽകി.ചില ഫിൻടെക് കമ്പനികൾ യു.പി.ഐ. ഐ.ഡി. ഉപയോഗിച്ച് ബിസിനസ് സംരംഭകർക്കും തേഡ് പാർട്ടി സംരംഭങ്ങൾക്കും ഉപഭോക്താക്കളുടെ പേരും മറ്റുവിവരങ്ങളും വെരിഫൈ ചെയ്തുനൽകുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഇത്തരം സേവനങ്ങൾ നൽകുന്ന ഫിൻടെക്കുകളോട് അതു നിർത്താൻ നിർദേശിച്ചു.യു.പി.ഐ. വെർച്വൽ വിലാസം അല്ലെങ്കിൽ ആപ്ലിക്കേഷൻ പ്രൊസസിങ് ഇന്റർഫേസുകൾ (എ.പി.ഐഎസ്.) സാമ്പത്തികേതര ഇടപാടുകൾക്കോ വാണിജ്യസേവനങ്ങൾക്കോ ഉപയോഗിക്കാനാകില്ല. ഈ നിർദേശം ലംഘിച്ചാൽ കർശനനടപടികളുണ്ടാകുമെന്നും എൻ.പി.സി.ഐ. വ്യക്തമാക്കുന്നു.യു.പി.ഐ. ഇടപാടുകൾക്കുള്ള എൻ.പി.സി.ഐ. ശൃംഖലകൾവഴി വിവിധ പ്ലാറ്റ്ഫോമുകൾക്ക് ഉപഭോക്താക്കളുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പറും മറ്റും പരിശോധിക്കാൻ സൗകര്യമുണ്ട്.