കനത്ത മഴയിലും നിര്‍ത്തിവെക്കാതെ ജില്ലാ സ്‌കൂള്‍ കായികമേള

തിരുവനന്തപുരം: കനത്ത മഴയിലും നിര്‍ത്തിവെക്കാതെ തിരുവനന്തപുരം ജില്ലാ സ്‌കൂള്‍ കായികമേള. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ട്രാക്കും ഫീല്‍ഡും വെള്ളം നിറഞ്ഞിട്ടും കായികമേള നടത്താന്‍ സംഘാടകര്‍ തയ്യാറായി. രാവിലെ 9 മണിക്കായിരുന്നു മത്സരങ്ങള്‍ ആരംഭിക്കേണ്ടിയിരുന്നത്. 11 മണിയോടെ മഴ തോരാഞ്ഞിട്ടും മത്സരങ്ങള്‍ ആരംഭിക്കാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.ഓട്ട മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്. കാര്യവട്ടം എല്‍.എല്‍.സിയിലെ സിന്തറ്റിക് ട്രാക്ക് വെള്ളം നിറഞ്ഞതോടെ താരങ്ങള്‍ ഓടിയെത്താന്‍ നന്നേ കഷ്ടപ്പെട്ടു. സ്‌പൈക്ക് വെള്ളം നിറഞ്ഞതും കുട്ടികള്‍ക്ക് പ്രതിസന്ധിയായി. പലരും സ്‌പൈക്ക് ഉപേക്ഷിച്ച് നഗ്നപാദരായിട്ടാണ് ഓടിയത്. ഓട്ടത്തിനിടയില്‍ കുട്ടികള്‍ക്ക് തെന്നി വീണ് പരിക്കും പറ്റി.ഒന്നര കിലോമീറ്റര്‍ അകലെയുള്ള ചേങ്കോട്ടുകോണം എല്‍.പി.എസിലാണ് ഭക്ഷണം ഒരുക്കിയിരുന്നത്. അതിനാല്‍ മത്സരിക്കാനുള്ള വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ഭക്ഷണം ഴിക്കാന്‍ കഴിഞ്ഞില്ല. മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും മഴ നനയാതെ നില്‍ക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നില്ല. ഉച്ചകഴിഞ്ഞ് നടക്കേണ്ട മത്സര ഇനങ്ങള്‍ ശനിയാഴ്ച്ചത്തേക്ക് മാറ്റിയത് രക്ഷകര്‍ത്താക്കളെ ക്ഷുഭിതരാക്കി. തുടര്‍ന്ന് സംഘാടകരുമായി രക്ഷകര്‍ത്താക്കള്‍ വാക്കുതര്‍ക്കത്തിലായി.