ബാണാസുരമലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ മീൻമുട്ടി വെള്ളച്ചാട്ടവും കാറ്റുകുന്ന് ട്രക്കിങ്ങും സഞ്ചാരികൾക്കായി തുറന്നു. മാസങ്ങളായി അടഞ്ഞുകിടന്ന കേന്ദ്രങ്ങൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെയാണ് വീണ്ടും തുറന്നത്. ഇതോടെ ബാണാസുരാസാഗർ അണക്കെട്ട് സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്കും വിളിപ്പാടകലെയുള്ള ഈ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടി കാണാം. പ്രതിദിനം പരമാവധി 500 സഞ്ചാരികൾക്കാണ് കാപ്പിക്കളത്തുള്ള മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം നൽകുക. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയും വിദേശികൾക്ക് 200 രൂപയുമാണ് ടിക്കറ്റ് ഈടാക്കുന്നത്. കാറ്റ്കുന്ന് ആനച്ചോല ട്രക്കിങ്ങിന് 25 പേർക്കാണ് പ്രതിദിന പ്രവേശനം. അഞ്ചുപേരുടെ ഗ്രൂപ്പിന് മുതിർന്നവർക്ക് 5000 രൂപയും കുട്ടികൾക്ക് 3000 രൂപയും വിദേശികൾക്ക് 7000 രൂപയുമാണ് പ്രവേശനഫീസായി നൽകേണ്ടത്.
കുളിരണിയും കാഴ്ചകൾ
കുറ്റൻ പാറക്കെട്ടുകൾ ചാടി നൂറടിയോളം താഴത്തേക്ക് പതഞ്ഞൊഴുകിപ്പോകുന്ന കാട്ടരുവിയുടെ ഇരമ്പമാണ് മീൻമുട്ടി വെള്ളച്ചാട്ടം. ഇവിടെനിന്നുമുള്ള താഴ് വാരങ്ങളുടെയും കുന്നുകളുടെയും ബാണാസുരസാഗറിന്റെയും വിദൂരക്കാഴ്ചകൾ മനം കവരും. മറ്റു വെള്ളച്ചാട്ടങ്ങളൊക്കെ അടുത്തുകാണണമെങ്കിൽ കിലോമീറ്റർ യാത്ര ചെയ്യണമെങ്കിൽ ബാണാസുരസാഗർ അണക്കെട്ടിൽ നിന്ന് വിളിപ്പാട് അകലെ മാത്രമാണ് ഈ ഇക്കോ ടൂറിസം കേന്ദ്രം. കാപ്പിക്കളത്തുനിന്ന് ഒരു കയറ്റം കയറിയാൽ കാഴ്ചയുടെ വാതിൽ തുറക്കുകയായി. തനിമ മാറാത്ത പച്ചപ്പിനുള്ളിൽ സ്വഭാവികമായ കൃത്രിമങ്ങളുടെ കലർപ്പില്ലാത്ത കാഴ്ചകൾ മാത്രമാണ് ഇവിടെയുള്ളത്.
കയറ്റം പിന്നിട്ടാൽ യുക്കാലിത്തോട്ടത്തിനരികിലൂടെ നിരന്ന വഴിയിലൂടെ സദാ വെള്ളം ആർത്തലച്ചുപോകുന്ന കൂറ്റൻ പാറയ്ക്ക് സമീപം എത്താം. വേനൽക്കാലത്ത് കിഴുക്കാംതൂക്കായ പാറക്കെട്ടിലൂടെ വലിഞ്ഞുകയറിവേണം ഇവിടെയെത്താൻ. ഇതിനായി റോപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. വയനാട്ടിലെ മറ്റു ഇക്കോ ടൂറിസ്റ്റുകേന്ദ്രങ്ങൾ പ്രതികൂലമായ കാലാവസ്ഥയിൽ അടച്ചിടേണ്ടിവരുമ്പോഴും ഈ ബാണാസുര മീൻമുട്ടിക്ക് ഏതു മഴയത്തും പ്രവർത്തിക്കാനുള്ള ഭൗമഘടനയാണുള്ളത്. കൂടുതൽ പ്രകൃതിസൗഹൃദ വിനോദസഞ്ചാര സാധ്യതകൾ മീൻമുട്ടി ആസൂത്രണം ചെയ്യവെയാണ് കോടതി വിധിയെ തുടർന്ന് കേന്ദ്രം അടച്ചിടേണ്ടിവന്നത്.
കാറ്റുകുന്ന് സഞ്ചാരികളുടെ സ്വർഗം
പച്ചപുതച്ച ബാണാസുരമലനിരകളിലാണ് കാറ്റുകുന്നും ആനച്ചോലയും. സാഹസിക വിനോദ സഞ്ചാരികളെയും ആഭ്യന്തര വിനോദ സഞ്ചാരികളുടെയും പ്രിയകേന്ദ്രമാണ് കാറ്റുകുന്നും ആനച്ചോലയും. സദാ കാറ്റ് പുണരുന്ന മലനിരകളുടെ മുകളിൽനിന്ന് ബാണാസുരസാഗർ അണക്കെട്ടും പരിസരങ്ങളും പൂർണമായും കാണാം. വയനാടൻ ട്രക്കിങ്ങ് അനുഭവങ്ങളിൽ ഈ മലനിരകൾ വിസ്മയമാണ്. നീലഗിരിയിൽ മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുര മലനിരകൾ. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ചോല വനങ്ങളും ഇവിടെയുണ്ട്. സഞ്ചാരിക്കൂട്ടങ്ങളും മഴക്കാഴ്ചകൾ ആസ്വദിക്കാൻ ഈ മലനിരകളിലെത്താറുണ്ട്.