നമ്പർപ്ലേറ്റുകൾ പത്ത് തരം, അറിയാം

Share our post

വൈക്കം: ആഴ്ചകൾക്കുമുമ്പാണ് കൈപ്പുഴമുട്ട് പാലത്തിനു സമീപം തോട്ടിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചത്. കാർ ഉയർത്തിയതിനുശേഷം ഉടമയെ കണ്ടെത്താനായി നമ്പർ പ്ലേറ്റ് നോക്കിയ രക്ഷാപ്രവർത്തകർ ആദ്യം ഒന്ന് അമ്പരന്നു. ഇത് എന്ത് നമ്പർപ്ലേറ്റ് എന്നാണ് ആദ്യം തിരക്കിയത്.പിന്നീട് പോലീസ് എത്തിയാണ് അംഗീകൃത റെന്റ് എ കാറിന്റെ നമ്പർ പ്ലേറ്റാണിതെന്ന് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്തത്. 10 തരം നമ്പർ പ്ലേറ്റുകളാണുള്ളത്. അക്കൂട്ടത്തിൽ മഞ്ഞയും വെളുപ്പുമെല്ലാം സുപരിചിതമാണെങ്കിലും പച്ചയും നീലയുമെല്ലാം പലർക്കും അപരിചിതമാണ്. നമ്പർ പ്ലേറ്റുകളും അവയുടെ നിറങ്ങളും:-

വെള്ളയും കറുപ്പും

സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് വെള്ള നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ. വെളുത്ത നമ്പർ പ്ലേറ്റിൽ കറുത്ത അക്ഷരങ്ങളാണ് ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. ഭാരത് രജിസ്‌ട്രേഷൻ (ബി.എച്ച്.) വാഹനങ്ങളും ഇതിൽപ്പെടും.

മഞ്ഞയും കറുപ്പും

ടാക്‌സിവാഹനങ്ങളുടെ നമ്പർ പ്ലേറ്റാണിത്. മഞ്ഞ നമ്പർപ്ലേറ്റിൽ കറുത്ത അക്ഷരങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്.

പച്ചയിൽ വെള്ള അക്ഷരം

ഇലക്ട്രിക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾക്കാണ് പച്ചനിറം. പച്ചയിൽ വെള്ള അക്ഷരങ്ങളാണെങ്കിൽ സ്വകാര്യ ഉപയോഗത്തിനുള്ള ഇലക്ട്രിക് വാഹനങ്ങൾ.

പച്ചയിൽ മഞ്ഞ അക്ഷരം

ഇലക്‌ട്രിക് ടാക്‌സി വാഹനങ്ങൾക്കാണ് ഈ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത്.

മഞ്ഞയും ചുവപ്പും

മഞ്ഞനിറത്തിൽ ചുവപ്പ് അക്ഷരങ്ങളാണെങ്കിൽ താത്കാലിക രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളാണ്.

കറുപ്പും മഞ്ഞയും

സർക്കാർ അംഗീകാരത്തോട സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകുന്ന (റെന്റ് എ കാർ) വാഹനങ്ങൾക്കാണ് ഈ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത്.

ചുവപ്പും വെള്ളയും

വാഹന ഡീലർമാർക്ക് നൽകുന്ന ട്രേഡ് സർട്ടിഫിക്കറ്റ് പ്രകാരമുള്ള നമ്പർ പ്ലേറ്റാണിത്.വിൽപ്പന ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വാഹനം ഉപയോഗിക്കാനാണ് ഈ നമ്പർ പ്ലേറ്റ്. ഡിഫൻസ് നമ്പർ പ്ലേറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക വാഹനങ്ങൾക്കുള്ള നമ്പർ പ്ലേറ്റാണിത്.

നീലയും വെള്ളയും

ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുകളാണ് ഇവ. വിവിധ രാജ്യങ്ങളുടെ എംബസികൾക്ക് നൽകുന്ന കോഡുകളായിരിക്കും ഈ നമ്പർ പ്ലേറ്റിൽ ഉപയോഗിക്കുക.

ചുവപ്പിൽ അശോകസ്തംഭം

രാഷ്‌ട്രപതിയുടെയും ഗവർണർമാരുടെയും ഔദ്യോഗികവാഹനങ്ങൾക്കാണ് ചുവപ്പിൽ അശോകസ്തംഭം ഉപയോഗിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!