പഴയ ചാറ്റുകളിലെ വിവരങ്ങൾ ചേർത്ത് മറുപടി മികച്ചതാക്കാം; പരീക്ഷണവുമായി വാട്സാപ്പ്

മുംബൈ: വാട്സാപ്പ് ചാറ്റുകളിലെ വിവരങ്ങൾ നിർമിതബുദ്ധിയുടെ സഹായത്താൽ ചികഞ്ഞ് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും വിവരങ്ങളും ഓർത്തുവെച്ച് മറുപടികൾ തയ്യാറാക്കാനും സന്ദേശങ്ങൾ അയക്കാനുമുള്ള സേവനമൊരുക്കാൻ പരീക്ഷണവുമായി മെറ്റ. പുതിയ ആൻഡ്രോയ്‌ഡ് ബീറ്റ പതിപ്പിലാണ് മെറ്റ എ.ഐ.യുടെ പുതിയ പരീക്ഷണത്തിന് വാട്സാപ്പ് തുടക്കമിട്ടിരിക്കുന്നത്.പഴയ ചാറ്റുകളിൽനിന്നുള്ള വിവരങ്ങൾ ഓർത്തെടുത്ത് സാധാരണരീതിയിൽ മറുപടികൾ തയ്യാറാക്കാൻ ഉപയോക്താക്കളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മെറ്റ എ.ഐ.യുടെ ശബ്ദ ചാറ്റിനോടനുബന്ധമായാകും പുതിയ ഫീച്ചർ ഒരുക്കുകയെന്ന് വാട്സാപ്പ് ബീറ്റ ഇൻഫോ പറയുന്നു. ജന്മദിനം, ഭക്ഷണരീതി, ഇഷ്ടപ്പെട്ട സംഗീതം തുടങ്ങിയ വ്യക്തിവിവരങ്ങൾ മെറ്റ എ.ഐ.യിലൂടെ ശേഖരിച്ചു സൂക്ഷിക്കുന്നതാണ് പരിഗണിക്കുന്നത്.ഇത് ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകുമെന്നതിനൊപ്പംതന്നെ ആശങ്കകളും ശക്തമാണ്. മെറ്റ എ.ഐ. എന്തെല്ലാം വ്യക്തിവിവരങ്ങളാണ് ശേഖരിക്കുകയെന്നത് കൃത്യമായി അറിയാനാകില്ല. വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ച് പരസ്യവിതരണത്തിനുപയോഗിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. നിലവിൽ പരീക്ഷണഘട്ടത്തിലാണ് ഈ ഫീച്ചറുള്ളത്.