കേരളവുമായുള്ള ബ്രാൻഡിങ് തർക്കം തീർന്നു; 1.97 ലക്ഷം വീടുകൾക്ക് കേന്ദ്രാനുമതി

തിരുവനന്തപുരം: ബ്രാൻഡിങ്ങിന്റെ പേരിൽ കേരളവുമായുള്ള തർക്കത്തിനൊടുവിൽ പ്രധാനമന്ത്രി ആവാസ് യോജനയിൽ (പി.എം.എ.വൈ.) വീടുകളനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.പി.എം.എ.വൈ.-ഗ്രാമീണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പുസാമ്പത്തികവർഷം 1,97,000 വീടുകൾ നിർമിക്കാനാണ് അനുമതി. ഇതിൽ 60,000 വീടുകൾ പട്ടികവിഭാഗക്കാർക്കാണ്.ഭവനരഹിതർക്ക് പാർപ്പിടമൊരുക്കാനുള്ള സംസ്ഥാനസർക്കാരിന്റെ ‘ലൈഫ്’ മിഷനിൽ ഉൾപ്പെടുത്തിയാണ് നിലവിൽ പി.എം.എ.വൈ. വീടുകൾ നിർമിച്ചുനൽകുന്നത്. ഓരോ വീടിനും 72,000 രൂപയാണ് കേന്ദ്രസർക്കാരിന്റെ വിഹിതം. വീടൊന്നിന് നാലുലക്ഷം രൂപ മുടക്കിയാണ് ലൈഫിന്റെ നിർവഹണം. അതിനാൽ, കേന്ദ്രം നൽകുന്ന 72,000 രൂപയ്ക്കുപുറമേ, സംസ്ഥാനസർക്കാരും തദ്ദേശസ്വയംഭരണസ്ഥാപനവും കൂടി നൽകുന്ന 3.28 ലക്ഷവും ചേർത്താണ് പദ്ധതി നടപ്പാക്കുന്നത്.