ആളെക്കറക്കും ‘ആയുഷ്മാന്‍ ഭാരത്’: വെബ്സൈറ്റ് ഇടയ്ക്കിടെ സ്തംഭിക്കുന്നു

Share our post

കോഴിക്കോട്: അത്യാവശ്യഘട്ടങ്ങളില്‍ ചികിത്സയ്ക്ക് ഏറെ ആശ്വാസമാവുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന ഇന്‍ഷുറന്‍സ് പദ്ധതി. എന്നാല്‍, പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതി ഇപ്പോള്‍ രോഗികള്‍ക്ക് ദുരിതമാവുകയാണ്. രജിസ്റ്റര്‍ചെയ്യേണ്ട വെബ്സൈറ്റ് ഇടയ്ക്കിടെ സ്തംഭിക്കുന്നതാണ് രോഗികളെ വട്ടംകറക്കുന്നത്. വരുമാനംകുറഞ്ഞ റേഷന്‍കാര്‍ഡുകാര്‍ക്കായുള്ളതാണ് പദ്ധതി.ഇതുകാരണം അഞ്ചും ആറും തവണയാണ് രോഗികള്‍ ആസ്പത്രികള്‍ കയറിയിറങ്ങേണ്ടിവരുന്നത്. ചികിത്സ വേണ്ടവര്‍, ചികിത്സതേടുന്ന ആസ്പത്രിയില്‍ത്തന്നെ നേരിട്ടെത്തി വിരലടയാളം പതിപ്പിച്ച് അംഗത്വമെടുക്കണമെന്നതാണ് പദ്ധതിയുടെ നിബന്ധന. ഇതിനായി രോഗിയേയുംകൊണ്ട് നേരം രാവിലെത്തന്നെ വണ്ടിയൊക്കെപ്പിടിച്ച് ആസ്പത്രിയിലെത്തുമ്പോഴായിരിക്കും അറിയുക, വെബ്സൈറ്റ് പണിമുടക്കിയ കാര്യം.

ശരിയാവുമെന്ന പ്രതീക്ഷയില്‍, അസുഖംകാരണം ബുദ്ധിമുട്ടുന്ന രോഗിയുമായി മണിക്കൂറുകള്‍നീണ്ട കാത്തിരിപ്പാണ് പിന്നെ.ഒടുവില്‍ ഒന്നുംനടക്കാതെ വീട്ടിലേക്ക് മടങ്ങും. പിറ്റേദിവസം രാവിലെയും ഇതുതന്നെ ആവര്‍ത്തിക്കും. ഇങ്ങനെ നാലും അഞ്ചും തവണപോയാലാണ് പലര്‍ക്കും രജിസ്ട്രേഷന്‍ എടുക്കാനാവുന്നത്. സമീപ?െത്ത ആസ്പത്രികളിലോ അക്ഷയകേന്ദ്രങ്ങളിലോ രജിസ്ട്രേഷന് സര്‍ക്കാര്‍ അനുമതിനല്‍കിയാലേ ദുരിതത്തിന് പരിഹാരമാവൂ എന്നാണ് രോഗികളുടെ ബന്ധുക്കള്‍ പറയുന്നത്. കോഴിക്കോട്ടെയും മറ്റും ആശുപത്രികളിലെത്തുന്ന മറ്റുജില്ലകളില്‍നിന്നുള്ള രോഗികളുടെ കാര്യമാണ് ഏറെ കഷ്ടം. വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫോണ്‍ വിളിച്ച് ഉറപ്പുവരുത്തിയാവും പുറപ്പെടുന്നത്. രണ്ടും മൂന്നും മണിക്കൂര്‍ സഞ്ചരിച്ച് ആസ്പത്രിയിലെത്തുമ്പോഴേക്കും വെബ്സൈറ്റ് സ്തംഭിച്ചിട്ടുണ്ടാവും.

തിരിച്ചുപോയി വീണ്ടും പലതവണ വരേണ്ടിവരും. 70 വയസ്സിനുമുകളിലുള്ള രോഗികളുമൊക്കെയായാണ് പലരുമെത്തുന്നത്. ഇതുകാരണം ശസ്ത്രക്രിയകള്‍ നീട്ടിവെക്കേണ്ട അവസ്ഥവരെയുണ്ടാകുന്നു. രജിസ്‌ട്രേഷന്‍ കഴിയാതെ സൗജന്യം നല്‍കാനാവില്ല. വെബ്സൈറ്റ് പ്രശ്‌നമായതുകൊണ്ട് ആസ്പത്രികള്‍ക്കും ഒന്നുംചെയ്യാനാവില്ല.സംസ്ഥാനത്ത് കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഇതില്‍ 64 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. രാജ്യത്ത് മൊത്തം 50 കോടിയിലേറെപ്പേര്‍ക്ക് ഈ പദ്ധതിയില്‍ അംഗത്വമുണ്ടെന്നാണ് കണക്ക്. ചികിത്സയ്ക്കായി ഓരോ വര്‍ഷവും അഞ്ചുലക്ഷം രൂപവരെ പദ്ധതിവഴി ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!