മദ്രസകൾ പൂട്ടാനുള്ള നീക്കത്തിന് സുപ്രീംകോടതി സ്റ്റേ
ന്യൂഡൽഹി : വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണം എന്ന ദേശീയ ബാലാവകാശ കമിഷൻ ശുപാർശ സ്റ്റേ ചെയ്ത് സുപ്രീംകോടതി. യു.പി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.മദ്രസകൾക്കും മദ്രസാബോർഡുകൾക്കുമുള്ള സർക്കാർ ധനസഹായം അവസാനിപ്പിക്കണമെന്നും മദ്രസാബോർഡുകൾ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമിഷൻ രംഗത്തെത്തിയിരുന്നു. മദ്രസകളിൽ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കമീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയക്കുകയും ചെയ്തു. മദ്രസകൾക്ക് സഹായം നല്കുന്നില്ലെന്ന് കേരളം കള്ളം പറഞ്ഞെന്നും ബാലാവകാശ കമ്മീഷൻ ആരോപിച്ചു.എന്നാൽ ശുപാർശ സ്റ്റേ ചെയ്ത സുപ്രീംകോടതി എൻ.സി.പി.സി.ആർ കത്തിൽ നടപടിയെടുക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകൾ ആരംഭിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്.