കോഴിക്കോട് മത്തി ചാകര; ബീച്ചിലെത്തിയവരെല്ലാം മടങ്ങിയത് കവർ നിറയെ പിടക്കുന്ന മത്തിയുമായി

Share our post

കോഴിക്കോട് ബീച്ചിൽ മത്തി ചാകര. ഇന്നലെ രാവിലെ കോഴിക്കോട് ബീച്ചിലെത്തിയവരെല്ലാം മടങ്ങിയത് ചെറിയ ചാക്കുകളിലും കവറുകളിലും നിറയെ മത്തിയുമായാണ്. കോഴിക്കോട് ബീച്ചുമുതൽ ഭട്ട്റോഡുവരെ രാവിലെ 10.30 മുതൽ 12.30 വരെയായിരുന്നു ചാകര.എന്താണ് സംഭവം എന്നറിയാനായി ബീച്ചിലേക്കിറങ്ങിയവർ കണ്ടത് തിരയോടൊപ്പം കരയിലേക്ക് അടിച്ചുകയറുന്ന മത്തിയായിരുന്നു. അപൂർവമായിമാത്രം ഉണ്ടാകുന്ന മത്തിച്ചാകരയാണെന്ന് പിന്നീടാണ് ആളുകൾക്ക് മനസ്സിലായത്. കോന്നാട് ബീച്ചിലാണ് കൂടുതലായി മത്തിയടിഞ്ഞത്.

കുട്ടികളടക്കമുള്ളവർ കരയിലിരുന്ന് മത്തി പിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. അവധിദിവസമായതിനാൽ ബീച്ചിൽ രാവിലെ മുതൽ കളിക്കാനെത്തുന്നവരും മറ്റ് സന്ദർശകരുമെല്ലാം കൂടുതലായുണ്ടായിരുന്നു.

മത്തി കടപ്പുറത്തേക്കെത്തുന്നതിന്റെയും അത് വാരിയെടുക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിമിഷനേരംകൊണ്ട് കടപ്പുറം നിറഞ്ഞു. പ്രദേശവാസികളുൾപ്പെടെയുള്ളവർ മത്തി വാരിയെടുക്കാനെത്തി. കോന്നാട് ബീച്ചിൽ കൂടുതൽ ആളുകൾ എത്തിയതോടെ അവർ കടലിലേക്കിറങ്ങുന്നത് തടയുന്നതിനായി എലത്തൂർ കോസ്റ്റൽപോലീസും ലൈഫ് ഗാർഡും സ്ഥലത്തെത്തിയിരുന്നു. ചെറിയ കുട്ടികൾ കടലിലേക്ക് ഇറങ്ങുന്നത് അവർ തടഞ്ഞു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ സാധാരണയായി കരയ്ക്കടുത്തേക്ക് ചെറുമീനുകൾ അടുക്കാറുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!