സ്‌തനാർബുദം എളുപ്പം കണ്ടെത്താം; കേരളത്തിൽ നടത്തിയ പൈലറ്റ് പഠനം വിജയം

കണ്ണൂർ: സ്തനാർബുദം എളുപ്പത്തിൽ തുടക്കത്തിലേ കണ്ടെത്താൻ പുതിയ ഉപകരണമുപയോഗിച്ച് ഐ.എ.ആർ.സി. (ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ) കേരളത്തിൽ നടത്തിയ പൈലറ്റ് പഠനം വിജയം. കണ്ണൂരിലെ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ അഞ്ചു ജില്ലകളിലായിരുന്നു പോർട്ടബിൾ അൾട്രാസൗണ്ട് ഡിവൈസ് (പി.യു.ഡി.) ഉപയോഗിച്ചുള്ള പഠനം. നിലവിലുള്ള അൾട്രാസൗണ്ട് മെഷീനെ അപേക്ഷിച്ച് വളരെ ചെറുതും സൗകര്യപ്രദവുമാണിത്.മൊബൈൽഫോണിനെക്കാൾ അല്പംമാത്രം വലുപ്പമുള്ള ഇതുപയോഗിച്ചുള്ള പരിശോധനയും എളുപ്പമാണ്. നിലവിലുള്ള മെഷീന് 15-18 ലക്ഷംരൂപ വിലയുള്ളപ്പോൾ പി.യു.ഡി.ക്ക് ആറുലക്ഷമാണ്. റേഡിയോളജിസ്റ്റുകൾ അല്ലാത്ത ആരോഗ്യപ്രവർത്തകർക്കും പി.യു.ഡി. ഉപയോഗിക്കാം. 2021-ൽ തുടങ്ങിയ പഠനത്തിൽ 40-നും 75-നുമിടയിൽ പ്രായമുള്ള 5254 സ്ത്രീകളെയാണ് പരിശോധിച്ചത്. 33 പേരിലാണ് എല്ലാപരിശോധനകൾക്കുംശേഷം രോഗം സ്ഥിരീകരിച്ചത്. പി.യു.ഡി. ഉപയോഗിച്ച് രോഗം കണ്ടെത്തിയ ഇവരിൽ മാമോഗ്രാം, പാത്തോളജി തുടങ്ങിയ എല്ലാ പരിശോധനകളിലും രോഗം സ്ഥിരീകരിച്ചതായി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റുമായ ഡി. കൃഷ്ണനാഥ പൈ പറഞ്ഞു. ഡോ. ഹർഷ ഗംഗാധരൻ, ഡോ വി.സി. രവീന്ദ്രൻ, ഡോ. ഫരീദ സെൽമോണി, ഡോ. പാർഥ ബസു എന്നിവരും പഠനത്തിന് നേതൃത്വം നൽകി.