പ്ലസ്ടു ജയിച്ചവര്‍ക്ക് ആര്‍മിയില്‍ ഓഫീസറാകാം

ഇന്ത്യന്‍ ആര്‍മിയില്‍ പ്ലസ്ടു ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.2025 ജൂലായില്‍ കോഴ്‌സ് ആരംഭിക്കും. 90 ഒഴിവാണ് നിലവിലുള്ളത്. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ഓഫീസര്‍ തസ്തികകളിലേക്കുള്ള പെര്‍മനന്റ് കമ്മിഷന്‍ പ്രകാരമുള്ള തിരഞ്ഞെടുപ്പാണ്.യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ ഉള്‍പ്പെട്ട പ്ലസ്ടു വിജയിച്ചിരിക്കണം (ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി എന്നിവയില്‍ ആകെ 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം).2024-ലെ ജെ.ഇ.ഇ (മെയിന്‍സ്) പരീക്ഷ അഭിമുഖീകരിച്ചവർ ആയിരിക്കണം അപേക്ഷകര്‍. പ്രായം: അപേക്ഷകര്‍ 2006 ജനുവരി രണ്ടിനും 2009 ജനുവരി 1നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവർ ആയിരിക്കണം.തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കും. ദെഹ്‌റാദൂണിലെ മിലിട്ടറി അക്കാദമിയിൽ ആയിരിക്കും പരിശീലനം.അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ രണ്ട് പകര്‍പ്പുകൾ എടുക്കണം. ഒരെണ്ണം സ്വയം സാക്ഷ്യപ്പെടുത്തി അഭിമുഖത്തിന് എത്തുമ്പോള്‍ ഹാജരാക്കണം.കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷ സമർപിക്കുന്നതിനും joinindianarmy.nic.in സന്ദര്‍ശിക്കുക. അവസാന തീയതി: നവംബര്‍ അഞ്ച്