കൈക്കൂലി: മൂന്ന് വർഷത്തിനിടെ പിടിയിലായ 134 പേരും തിരികെ ജോലിയിൽ, പ്രഹസനമായി പരിശോധന

Share our post

ആലത്തൂര്‍: കൈക്കൂലിക്കേസുകളില്‍ വിജിലന്‍സ് പിടികൂടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരുവര്‍ഷത്തിനകം ജോലിയില്‍ തിരിച്ചുകയറുന്നു. വിജിലന്‍സ് കോടതിയില്‍ നടപടികള്‍ നീണ്ടുപോകുന്നതോടെ അഴിമതി തടയുകയെന്ന ലക്ഷ്യം വിദൂരമാവുകയാണ്‌. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കൈയോടെ പിടികൂടുന്ന കേസില്‍ മാത്രമാണ് കോടതിയുടെ ശിക്ഷ ലഭിക്കുക. ഫിനോഫ്തലിന്‍ പുരട്ടി, നമ്പര്‍ മുന്‍കൂട്ടി രേഖപ്പെടുത്തി നല്‍കുന്ന കറന്‍സിനോട്ട് നല്‍കി വിജിലന്‍സ് ‘കെണിവെച്ച് ‘ പിടികൂടുന്നതാണ് (ട്രാപ്പ് കേസ്) ഇത്. ഇത്തരം കേസില്‍ മറ്റൊരുവകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കമുള്ള സാക്ഷികള്‍ ഉണ്ടായിട്ടും കുറ്റാരോപിതന്‍ രക്ഷപ്പെട്ടുപോയ സംഭവങ്ങളുണ്ട്.

കൈക്കൂലിക്കേസില്‍ പിടിയിലായാല്‍ ഉടന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വകുപ്പുതല നടപടി. ഇത് ആറുമാസംമുതല്‍ ഒരുവര്‍ഷംവരെ ആകാം. ഒരുവര്‍ഷത്തിനകം ഈ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തിരികെ കയറും. സസ്‌പെന്‍ഷന്‍ കാലത്ത് 35% ശമ്പളം തടഞ്ഞുവെക്കുന്നതാണ് കിട്ടുന്ന ശിക്ഷ. സസ്‌പെന്‍ഷന്‍ ഒഴിവായാല്‍ മുഴുവന്‍ ശമ്പളവും കിട്ടും. കേസില്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ തടഞ്ഞുവെച്ച ശമ്പളവും ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തോടെ കിട്ടും.

സംസ്ഥാനത്ത് മൂന്നുവര്‍ഷത്തിനിടെ കൈക്കൂലിക്കേസില്‍ അറസ്റ്റിലായ 134 പേരും തിരികെ ജോലിയില്‍ക്കയറി. നിലവില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ 1,613 കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. 1,061 പേര്‍ക്കെതിരേ കേസുണ്ട്. കഴിഞ്ഞ വര്‍ഷം 60 ട്രാപ്പ് കേസുകള്‍ ഉണ്ടായി. 60 പേരെ അറസ്റ്റും ചെയ്തിരുന്നു. ഈ വര്‍ഷം 42 ട്രാപ്പ് കേസുകളും 48 അറസ്റ്റും ഉണ്ടായി.

സര്‍ക്കാര്‍ ഓഫീസുകളിലെ വിജിലന്‍സിന്റെ മിന്നല്‍പരിശോധനയും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുക്കലും പ്രഹസനമാവുകയാണ്. ഇത്തരം കേസില്‍ വകുപ്പു മേധാവിക്ക് റിപ്പോര്‍ട്ട് അയക്കല്‍ മാത്രമാണ് വിജിലന്‍സിന്റെ പണി. ഉടനടി സസ്‌പെന്‍ഷന്‍ ഉണ്ടാവില്ല. വകുപ്പുതല അന്വേഷണം ഒരിക്കലും പൂര്‍ത്തിയാവുകയുമില്ല. പ്രോസിക്യൂഷന്‍ നടപടിക്കുള്ള ഫയല്‍ മുങ്ങുകയും ചെയ്യും.

സസ്‌പെന്‍ഷന്‍ അനന്തമായി നീട്ടാനാകില്ലെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും കേസുകളുടെ ബാഹുല്യവും തെളിവുശേഖരണത്തിന്റെ സങ്കീര്‍ണതയും കുറ്റപത്രം തയ്യാറാക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!