എ.ഡി.എമ്മിന്റെ മരണം: കളക്ടറുടെ രാജി അവശ്യപ്പെട്ട് കെ.എസ്.യു. പ്രതിഷേധം

Share our post

കണ്ണൂര്‍ : എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ പങ്ക് ആരോപിച്ച് കെ.എസ്.യു. പ്രവര്‍ത്തകരുടെ പ്രതിഷേധം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണം, കളക്ടര്‍ രാജി വെക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടന്നത്.കരിങ്കൊടികളുമായാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ കണ്ണൂര്‍ കളക്ടേറ്റിലെത്തി പ്രതിഷേധിച്ചത്. എ.ഡി.എമ്മിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് അവര്‍ ആരോപിച്ചു. ഒരു കുടുംബത്തിന്റെ സന്തോഷമാണ് ഇവര്‍ ഇല്ലതാക്കിയത്. വിഷയത്തില്‍ കണ്ണൂര്‍ കളക്ടര്‍ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല, രാജിവെക്കുക തന്നെ വേണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചു. പ്രതിഷേധം കടുത്തതോടെ പോലീസ് സംഘമെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി.

വിഷയത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴിയെടുത്തു. അന്വേഷണ ചുമതലയുള്ള ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ. ഗീത കണ്ണൂര്‍ കളക്ട്രേറ്റിലെത്തി. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്നും പൂര്‍ണമായും സഹകരിക്കുമെന്നുമായിരുന്നു കളക്ടറുടെ നിലപാട്. കൂടാതെ അന്വേഷണസംഘത്തോട് എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നും കളക്ടര്‍ വ്യക്തമാക്കി.ഇതിനിടെ കളക്ടറെ മാറ്റണമെന്നുള്ള സമ്മര്‍ദം റവന്യൂ വകുപ്പിനു മേല്‍ ശക്തമായിരിക്കുകയാണ് എന്നാണ് വിവരം. മുഖ്യമന്ത്രിയടക്കമുള്ളവരോട് ആലോചിച്ച് റവന്യൂ വകുപ്പ് തീരുമാനമെടുക്കും. കൂടാതെ കളക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

നവീന്‍ ബാബുവിന്റെ കുടുംബവും കളക്ടര്‍ക്കെതിരായ നിലപാടിലാണ്. ദിവ്യയെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചുവരുത്തിയത് കളക്ടറാണെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ബിജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസും ആരോപിക്കുന്നത്. സംഭവത്തില്‍ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര, പേഴ്സണല്‍ മന്ത്രാലയങ്ങള്‍ക്ക് ബി.ജെ.പി. കത്തയച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!