എ.ഡി.എമ്മിന്റെ മരണം: കലക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി, എ.ഗീതക്ക് ചുമതല

Share our post

കണ്ണൂര്‍:എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ തുടരന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീതക്ക് കൈമാറി. നവീന്‍ ബാബുവിന്റെ ആത്മഹത്യയും പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കവും സംബന്ധിച്ച് അന്വേഷിക്കുന്നതില്‍നിന്നാണ് കലക്ടറെ മാറ്റിയത്. സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കലക്ടര്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നാലെ കലക്ടര്‍ക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്.

മന്ത്രി കെ. രാജന്റെ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറി ഇക്കാര്യം കലക്ടറെ അറിയിച്ചു. വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിനാണ് റവന്യൂ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ആറു കാര്യങ്ങളാണ് അന്വേഷിക്കുന്നത്.ജീവനക്കാരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കലക്ടറാണെന്ന് ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. ആരോപണ നിഴലില്‍ നില്‍ക്കുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ പ്രതിരോധത്തിലാക്കുന്നതാണ് ദിവ്യയുടെ ഈ വാദം.നവീന്‍ ബാബുവിന്റെ മരണത്തില്‍ സംഭവത്തില്‍ ഇന്ന് തന്നെ പൊലീസ് കലക്ടറുടെ മൊഴിയെടുക്കും. ഇതിനിടെ നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കലക്ടര്‍ കത്തയച്ചു. സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തിയാണ് കലക്ടര്‍ കത്തയച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീന്‍ ബാബുവിനെ ചേമ്പറില്‍ വിളിച്ചു സംസാരിച്ചിരുന്നതായി കത്തില്‍ പറയുന്നുണ്ട്. പത്തനംതിട്ട സബ് കലക്ടര്‍ നേരിട്ടെത്തിയാണ് കുടുംബത്തിന് കത്ത് കൈമാറിയത്.അതേസമയം പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!