പേരാവൂർ ബ്ലോക്കിലെ വിദ്യാലയങ്ങൾ ഹരിതവിദ്യാലയങ്ങളാക്കും

പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹരിതവിദ്യാലയമാക്കും.
2025 മാർച്ചിൽ പ്രഖ്യാപിക്കുന്ന ശുചിത്വകേരളത്തിന് മുന്നോടിയായാണ് ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെയും കോളേജ്, സ്കൂൾ, അങ്കണവാടികൾ, മദ്രസകൾ, സൺഡേ സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹരിതവിദ്യാലയങ്ങളാക്കുന്നത് .നവംബർ ഒന്നിന് 50 ശതമാനവും ഡിസംബർ ഒന്നിന് 100 ശതമാനവും എന്ന തരത്തിലാണ് പ്രഖ്യാപനം നടത്തുക. പഞ്ചായത്തുകളിലെ ശുചിത്വ വിജിലൻസ് സ്ക്വാഡ് പരിശോധന നടത്തി വിലയിരുത്തിയാണ് ഹരിതവിദ്യാലയങ്ങളുടെ പ്രഖ്യാപനവും ഗ്രേഡ് സർട്ടിഫിക്കറ്റും നൽകുക.
ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാർക്കും, പി. ഇ.സി കോർഡിനേറ്റർമാർക്കും, നിർവഹണ ഉദ്യോഗസ്ഥർക്കുമുള്ള ശില്പശാല ബ്ലോക്ക് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ശുചിത്വ ചുമതല ഓഫീസർ ടി.ഇ. ഷിജില അധ്യക്ഷയായി. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ.രേഷ്മ, ജി.ഇ.ഒ സങ്കേത്. കെ. തടത്തിൽ തുടങ്ങിയവർ സംസാരിച്ചു.