ആശ്വാസ വാർത്ത ! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി; ഇത് കളിയല്ല, വേഗം ചെയ്തോളൂ

ദില്ലി: സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ഡിസംബർ 14 വരെ നീട്ടി. ജൂൺ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്. ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യു.ഐ.ഡി.എ.ഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ. തിരിച്ചറിയൽ-മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.
ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി അപ്‌ഡേറ്റ് ചെയ്യാം. നവജാതശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി.