‘പാഠ’മാണ് ഈ സ്‌കൂൾ

Share our post

കണ്ണൂർ:പ്രതിസന്ധിയുടെ പടവുകൾ ചവിട്ടിക്കയറിയ ഒരു പൊതുവിദ്യാലയം ഉയിർത്തെഴുന്നേറ്റതിന്റെ കഥയാണ്‌ മാങ്ങാട്‌ എൽപി സ്‌കൂളിന്‌ പറയാനുള്ളത്‌. എന്തു വിലകൊടുത്തും നാടിന്റെ ഹൃദയമായ പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്ന മാനേജ്‌മെന്റിന്റെയും നാടിന്റെയും നിശ്‌ചയദാർഢ്യമാണ്‌ ദേശീയപാതയ്‌ക്ക്‌ സമീപം തലയെടുപ്പോടെ നിൽക്കുന്നത്‌. പൊതുവിദ്യാഭ്യാസത്തിന്റെ മികവ്‌ കൂട്ടുന്ന പ്രവർത്തനങ്ങളുമായി സ്‌കൂളിന്റെ പുതിയകെട്ടിടം വ്യാഴാഴ്‌ച വൈകിട്ട്‌ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യും.
1893ൽ കളരിയായി തുടങ്ങിയ സ്ഥാപനത്തെ മാങ്ങാട്‌ അരയാലയിലെ കണ്ടമ്പേത്ത്‌ കൃഷ്‌ണൻ എഴുത്തച്ഛനാണ്‌ എഴുത്തുപള്ളിക്കൂടമാക്കിയത്‌. വിദ്യാസമ്പന്നനും ജ്യോതിഷിയുമായ എഴുത്തച്ഛൻ നരോത്ത്‌പറമ്പിൽ സ്ഥാപിച്ച വിദ്യാലയം 1930ന്‌ ശേഷമാണ്‌ ദേശീയപാതയ്ക്ക്‌ സമീപത്തേക്ക്‌ മാറിയത്‌. അദ്ദേഹത്തിന്റെ പിൻമുറക്കാരനായ സി കെ കൃഷ്‌ണൻ നമ്പ്യാരുടെ മക്കളാണ്‌ നിലവിൽ സ്‌കൂൾ മാനേജ്‌മെന്റ്‌.

2022ൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്‌കൂളിന്റെ സ്ഥലം ഏറ്റെടുത്തപ്പോൾ അഞ്ച്‌ ക്ലാസ്‌ മുറികൾ നഷ്‌ടമായി. സ്‌കൂൾ പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ടുപോവുമെന്ന ആശങ്കയുയർന്നെങ്കിലും നാടിന്റെ കൂട്ടായ്‌മ തുണച്ചു. അന്നുമുതൽ മാങ്ങാട്‌ നൂറുൽ ഹിദായത്ത്‌ കമ്മിറ്റി മദ്രസയിലാണ്‌ സ്‌കൂൾ ഭാഗികമായി പ്രവർത്തിച്ചത്‌. കഴിഞ്ഞ ഒക്‌ടോബർ മുതൽ മാർച്ച്‌ 31 വരെ പൂർണമായും സ്‌കൂൾ മദ്രസയിലേക്ക്‌ മാറി.
ദേശീയപാതയ്‌ക്ക്‌ സ്ഥലം ഏറ്റെടുത്തപ്പോൾ സ്‌കൂളിലെ പ്രധാനകെട്ടിടം മാത്രമാണ്‌ ബാക്കിയായത്‌. ആ കെട്ടിടമുൾപ്പടെ പൊളിച്ച്‌ പുതിയ രണ്ടു നില കെട്ടിടം മാനേജ്‌മെന്റ്‌ നിർമിച്ചു. പ്രധാനാധ്യാപകൻ ടി ദിലീപനും വിദ്യാലയ വികസനസമിതിയുംചേർന്ന്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. നിലവിൽ പത്തു ക്ലാസ് മുറിയും ലാബുമടങ്ങുന്ന പുതിയ കെട്ടിടത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. എൽകെജി മുതൽ അഞ്ചുവരെ 160 കുട്ടികൾ പഠിക്കുന്നുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!