മീന്‍പിടിത്ത ടൂറിസം: കേരളത്തിന് അനുകരിക്കാന്‍ ഒരു സ്വീഡന്‍ മാതൃക

കൊല്ലം:സ്വീഡന്റെ വിനോദസഞ്ചാരത്തില്‍ മുഖ്യവരുമാന സ്രോതസ്സാണ് മീന്‍പിടിത്ത ടൂറിസം. കേരളത്തിന് ഏറെ സാധ്യതയുള്ള മേഖലയാണിതെന്ന് ലോക കേരളസഭാംഗവും സ്വീഡനില്‍ ഐ.ടി.പ്രൊഫഷണലുമായ ജിനു സാമുവല്‍ പറയുന്നു. സ്വീഡനിലെ ലാപ് ലാന്‍ഡില്‍നിന്ന് അത് നേരില്‍ കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ലോക കേരളസഭയില്‍ ഈ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോഴ്സലെ മുനിസിപ്പാലിറ്റിയിലെ ക്രഡ്സലെയില്‍ സ്വീഡന്റെ ദേശീയ നദിയായ വിന്ഡല്‍ നദിക്കരയില്‍ ഇത്തരമൊരു വിനോദസഞ്ചാരകേന്ദ്രത്തില്‍ പോയ അനുഭവം ജിനു സാമുവലിനുണ്ട്. സാല്‍മണ്‍ വിഭാഗത്തില്‍പ്പെട്ട ട്രൗട്ട്, ഗ്രേലിങ്ക്, പൈക്ക് തുടങ്ങിയ മീനുകളെ പിടിക്കുന്നതാണ് ഹോബി. കരയില്‍ ടെന്റടിച്ച് കൂടാനും സൗകര്യമുണ്ട്. കാരവാനില്‍ വരുന്ന സഞ്ചാരികള്‍ക്ക് വൈദ്യുതി സൗകര്യവും ഒരുക്കും. മീനിനെ പിടിച്ച് അതിന്റെ വീതിയും നീളവും അളന്ന് രേഖപ്പെടുത്തി ഫോട്ടോയുമെടുത്ത് തിരികെ നദിയിലേക്കുതന്നെ വിടുന്ന ഹോബിയാണിവര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഏകാഗ്രത, മാനസികോല്ലാസം, ക്ഷമ എന്നിവയ്ക്ക് ഉത്തമമാണീ ഹോബിയെന്നും അവര്‍ പറയുന്നു.
ഏറെ നിയന്ത്രണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് എടുക്കണം. ഒരു ദിവസത്തേക്ക് 100 ക്രോണ്‍ (800 രൂപ). ചില പ്രത്യേക മീനുകള്‍ കിട്ടുന്ന സ്ഥലത്ത് 8,000 രൂപ വരെയാകും. ഒരുദിവസം അഞ്ചുപേര്‍ക്കേ ലൈസന്‍സ് കൊടുക്കൂ. പരിശോധിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരുണ്ട്. ലൈസന്‍സ് ഇല്ലാതെ പിടിച്ചാല്‍ 5,000 രൂപയാണ് പിഴ.
ചെക്കോസ്ലോവാക്യ, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു ധാരാളംപേര്‍ ഇതിനായെത്തുന്നുണ്ട്. ഈ സീസണില്‍ 5,000 വിദേശികളാണ് വന്നത്. മൂന്നു കിലോവരെ വരുന്ന മീനൊക്കെ കിട്ടും. പത്തുവര്‍ഷമായി സ്ഥിരമായി വരുന്നവരുണ്ട്. അവരുടെ കൂട്ടായ്മയും രൂപവത്കരിക്കും. ഗ്രൂപ്പുകളില്‍ ഇത് ആഘോഷമാക്കും.
ഉത്തരവാദിത്വബോധത്തോടെയാണ് മീന്‍പിടിത്ത ടൂറിസം എന്നതാണ് മറ്റൊരു പ്രത്യേകത. ‘ഫ്‌ലൈ ഫിഷിങ്’ എന്നറിയപ്പെടുന്ന രീതിയാണ്. ചെറിയ ചൂണ്ട, ഈച്ചയെ പോലെ തോന്നുന്ന കൃത്രിമ ഇര, മീന്‍ ഇര വായിലാക്കിയാലും വലിയ പരിക്കില്ലാതെ മോചിപ്പിക്കാം എന്നതൊക്കെയാണ് ഇതിന്റെ രീതികള്‍. ഇത്രയേറെ നദികളും കായലും തടാകങ്ങളുമെല്ലാമുള്ള കേരളത്തില്‍ ഇത്തരമൊരു വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളുണ്ടെന്ന് ജിനു സാമുവല്‍ പറഞ്ഞു.