Connect with us

Kerala

അനസ്തീഷ്യ: ജാഗ്രതവേണം, ഡോക്ടറോട് ഉള്ളത് പറഞ്ഞില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകും

Published

on

Share our post

രാവിലെ ഉറക്കമുണര്‍ന്നതു ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചപ്പോഴാണ്. നോക്കിയപ്പോള്‍ നാട്ടില്‍ നിന്ന് അമ്മാവന്‍ വിളിക്കുകയാണ്. വയറു വേദനയുമായി ഡോക്ടറെ ചെന്നു കണ്ടപ്പോള്‍ അത് ഹെര്‍ണിയ (കുടലിറക്കം) യുടെ പ്രശ്‌നമാണെന്നും സര്‍ജറി വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതറിഞ്ഞ അമ്മാവന്റെ ഗള്‍ഫിലുള്ള മകന്‍ ഒരു ‘സെക്കന്റ് ഒപ്പിനിയന്‍’ എടുക്കാന്‍ പറഞ്ഞു. അതിൻ്റെ അടിസ്ഥാനത്തിലാണ് എന്നെ വിളിച്ചത്.പ്രഷറും പ്രമേഹവും കൂട്ടത്തില്‍ ഹൃദ്രോഗവുമുള്ള അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. ‘അനസ്തീഷ്യ ഡോക്ടറെ കണ്ടോ? ആ ഹോസ്പിറ്റലില്‍ ഇത്തരത്തിലുള്ള സര്‍ജറിക്ക് അനസ്തീഷ്യ കൊടുക്കാനും ആവശ്യമെങ്കില്‍ ഐ.സി.യുവില്‍ കിടത്തി ചികിത്സിക്കാനുമുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും ഉണ്ടോയെന്നും കൂടി തിരക്കണം.’ ഒരു ഹെര്‍ണിയ സര്‍ജറിയ്ക്ക് ഇത്രയൊക്കെ അന്വേഷിക്കണമോയെന്നായി അമ്മാവന്റെ സംശയം. വിവരവും വിദ്യാഭ്യാസവുമുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം ആള്‍ക്കാരും ഇതേ ചിന്താഗതിക്കാര്‍ തന്നെയാണ്.

അനസ്തീഷ്യയെക്കുറിച്ച് പൊതുവേ ആള്‍ക്കാര്‍ കരുതിയിരിക്കുന്നത് ഒരു ഇഞ്ചക്ക്ഷന്‍ വെച്ചു ഉറക്കുകയും മറ്റൊരു ഇഞ്ചക്ക്ഷന്‍ വെച്ചു ഉണര്‍ത്തുകയും ചെയ്യുക എന്നാണ്. എന്നാല്‍ സര്‍ജറി സമയത്തു എന്ന പോലെതന്നെ അതിനു മുമ്പും ശേഷവും അനസ്തീഷ്യോളജിസ്റ്റിന്റെ പരിചരണം രോഗിയ്ക്ക് ആവശ്യമാണ്. എങ്കില്‍ മാത്രമേ ഗുണമേന്മയുള്ള അനസ്തീഷ്യ കിട്ടി എന്നുറപ്പുവരുത്താനാവൂ. ഓപ്പറേഷനു മുമ്പു രോഗിയുടെയും ബന്ധുക്കളുടെയും ആശങ്കയകറ്റാനും ഓപ്പറേഷനെ തുടര്‍ന്നുള്ള വേദനകളകറ്റാനും അനസ്തീഷ്യോളജിസ്റ്റിറ്റിന്റെ സേവനം ഉപകരിക്കുന്നതോടൊപ്പം രക്തസമ്മര്‍ദ്ദത്തിലും ഹൃദയമിടിപ്പിലുമുള്ള വ്യതിയാനങ്ങള്‍ ശരീരത്തിലെ ഓക്‌സിജന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ്, സോഡിയം പൊട്ടാസ്യം പോലുള്ള ലവണങ്ങള്‍, ജലാംശം തുടങ്ങിയവയുടെ സമയബന്ധിതമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും അനസ്തീഷ്യോളജിസ്റ്റിന്റെ മേല്‍നോട്ടം പ്രധാനപെട്ടതാണ്.

പലരോഗങ്ങളും കൂട്ടത്തില്‍ ഹൃദ്രോഗവും ഉള്ളയാള്‍ക്ക് അനസ്തീഷ്യ നൽകുന്നത് തന്നെ ഏറെ ജാഗ്രതയോടെ വേണം. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കും ഗുരുതരമായ അസുഖം ബാധിച്ചവര്‍ക്കും അനസ്തീഷ്യ നൽകുമ്പോള്‍ അത്യന്തം ശ്രദ്ധയും ആ മേഖലയില്‍ പ്രവര്‍ത്തന പരിചയവും നിര്‍ബന്ധമായും ആവശ്യമാണ്. തീയേറ്ററിലെ അതേ പോലെയുളള മോണിറ്ററിംഗ് അതിതീവ്ര പരിചരണ വിഭാഗത്തിലും നൽകിയാല്‍ മാത്രമേ ഓപ്പറേഷനു ശേഷം വിജയകരമായി രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാനാവുകയുള്ളൂ. ഓരോ രോഗിയ്ക്കും രോഗാവസ്ഥയ്ക്കും അനുസരിച്ച് നൽകേണ്ട അനസ്തീഷ്യയുടെ രീതിയും അതിലുപയോഗിക്കുന്ന മരുന്നുകളും വ്യത്യസ്തമായിരിക്കും. ഒരു കൈയ്യോ കാലോ മാത്രം മരവിപ്പിക്കുന്ന നെര്‍വ് ബ്ലോക്ക് മുതല്‍ ശരീരം മൊത്തം മരവിപ്പിക്കുന്ന ജനറല്‍ അനസ്തീഷ്യ വരെ വൈവിധ്യമാര്‍ന്നതാണ് ഈ വൈദ്യശാസ്ത്ര ശാഖ.

രക്തസമ്മര്‍ദ്ദം, പ്രമേഹം,ഹൃദ്രോഗം, വൃക്കരോഗം, കരള്‍ രോഗം, അപസ്മാരം, ആസ്തമ, ജനിതക വൈകല്യം തുടങ്ങിയ രോഗമുള്ളവരും കുഞ്ഞുങ്ങള്‍ ഗര്‍ഭിണികള്‍ , വാര്‍ദ്ധക്യം ബാധിച്ചവര്‍ എന്നിവരിലൊക്കെ സര്‍ജറിയ്ക്കു വിശിഷ്യാ അതില്‍ നൽകുന്ന അനസ്തീഷ്യയ്ക്കു അതീവ ജാഗ്രത ആവശ്യമാണ്. അപ്പോള്‍ നിങ്ങളുടെ അനസ്തീഷ്യോളജിസ്റ്റ് ആരാണെന്നും എന്തു തരത്തിലുള്ള അനസ്തീഷ്യയാണ് ഉദ്ദേശിക്കുന്നതെന്നും അതിന്റെ ഗുണദോഷങ്ങള്‍ എന്തൊക്കെയാണെന്നും രോഗിയും ബന്ധുക്കളും അറിഞ്ഞിരിക്കണം. അത്തരം കാര്യങ്ങള്‍ വിശദമായി പറഞ്ഞു കൊടുക്കേണ്ട ബാധ്യസ്ഥത അനസ്‌തേഷ്യോളജിസ്റ്റിനുമുണ്ട്. പ്രീ അനസ്തീഷ്യ ചെക്കപ്പില്‍ (പി.എ.സി) വിശദമായി രോഗിയെ പരിശോധിക്കുകയും ആവശ്യമായ ലാബ് ടെസ്റ്റുകളും മറ്റും നോക്കിയ ശേഷം സര്‍ജറിയ്ക്ക് രോഗിയെ മാനസികമായും ശാരീരികമായും പ്രാപ്തരാക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും നൽകുന്നു.ശസ്ത്രക്രിയയുടെ സ്വഭാവത്തിനും രോഗിയുടെ പ്രായത്തിനും രോഗത്തിനുമനുസരിച്ചുള്ള പ്രിപ്പറേഷന്‍ പ്ലാന്‍ ചെയ്യുന്നതിവിടെയാണ്. രോഗി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഓപ്പറേഷന്റെ അന്നു എപ്പോള്‍ എത്ര അളവില്‍ കഴിക്കണമെന്ന് നിശ്ചയിക്കുന്നത് അനസ്തീഷ്യ ഡോക്ടറാണ്. ജലപാനമില്ലാത്ത സമ്പൂര്‍ണ്ണ ഉപവാസം ഓപ്പറേഷന് മൂന്നു മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍ മുമ്പുവരെ എടുക്കേണ്ടതുണ്ട് ഓപ്പറേഷന്‍ സമയത്തുള്ള ഛര്‍ദ്ദി ഒരു പരിധി വരെ ഇങ്ങനെ തടയാം ഛര്‍ദ്ദി രോഗിയ്ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതു മാത്രമല്ല ആ സമയത്ത് ഭക്ഷണാവശിഷ്ടങ്ങള്‍ ശ്വാസകോശത്തില്‍ . കയറി ശ്വാസതയസ്സം , ന്യുമോണിയ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. അതേ പോലെ പ്രമേഹം വൃക്കരോഗം മുതലായ അസുഖമുള്ളവരില്‍ ഓപ്പറേഷനു തൊട്ടു മുമ്പേ ചില രക്തപരിശോധനകളും വേണ്ടി വരും.അടിയന്തിര സ്വഭാവമുള്ള സര്‍ജറികള്‍ക്ക് ഈ മുന്നൊരുക്കങ്ങള്‍ക്കുള്ള സാവകാശം രോഗിയ്ക്കും അനസ്തീഷ്യ ഡോക്ടര്‍ക്കും ലഭിക്കുന്നില്ല.

ജീവന്‍ രക്ഷപെടുത്താനുള്ള കുറഞ്ഞ സമയമേ ഇവിടെ ലഭിക്കുകയുള്ളൂ. രോഗത്തിന്റെ ഗൗരവവും രോഗിയുടെ ഇപ്പോഴത്തെ അവസ്ഥയും ബന്ധുക്കള്‍ക്ക് ഡോക്ടര്‍ പറഞ്ഞു മനസ്സാക്കിക്കൊടുക്കുകയും അതവര്‍ ഉള്‍ക്കൊള്ളുകയും വേണം. അത് പാളിപ്പോകുമ്പോഴാണ് അത്യാഹിതം സംഭവിക്കുമ്പോള്‍ ഡോക്‌റെ കൈയേറ്റം ചെയ്യുന്നതടക്കമുള്ള ആശുപത്രി സംഘര്‍ഷമുണ്ടാകുന്നത്. പരസ്പര ബഹുമാനവും വിശ്വാസവും ആശയ വിനിമയവും ഡോക്ടര്‍ രോഗി ബന്ധത്തിന് അത്യന്താപേക്ഷിതമാണ്.

ഇരുപത് വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് അനസ്തീഷ്യോളജിസ്റ്റ് ആയി ജോലി ചെയ്തിരുന്ന കാലത്ത് നടന്ന ഒരു സംഭവം ഓര്‍ക്കുന്നു. അഞ്ച് വയസ്സായ കുട്ടിക്ക് സര്‍ക്കംസിഷന്‍ (സുന്നത്ത്) സര്‍ജറി വേണം. കുട്ടിയെ ഓപ്പറേഷന് കയ്യറ്റുന്നതിനു മുമ്പേ കേസ് ഹിസ്റ്ററിയെടുത്തു, പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ല. ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി അനസ്തീഷ്യ നല്കി. താരതമ്യേന വളരെ നിസ്സാരമായി കണക്കാക്കുന്ന സര്‍ജറിയാണല്ലോ സുന്നത്ത്. ഇരുപത് മിനുട്ട് കൊണ്ട് ഓപ്പറേഷന്‍ കഴിഞ്ഞു. കുട്ടിയെ ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്ന് മാറ്റാന്‍ നേരം അവന്റെ ശ്വാസത്തിന് കുഴപ്പമുള്ളതുപോലെ, ശരീരത്തിലെ ഓക്‌സിജന്‍ നില ആശങ്കാജനകമാം വണ്ണം താഴ്ന്നു വന്നു.

അടിയന്തിരമായി നല്‍കുന്ന ഓക്‌സിജന്‍ തെറാപ്പിയും അനുബന്ധമായി നല്കുന്ന മരുന്നു കളും നല്കിയിട്ടും കുട്ടിയുടെ അവസ്ഥ മെച്ചപെട്ടില്ല. നാല് മണിക്കൂറോളം ഭാഗികമായി വെന്റിലേറ്റര്‍ സഹായം നല്കിയതിനു ശേഷമാണ് കുട്ടി നോര്‍മല്‍ ആയത്. വീണ്ടും വിശദമായ കേസ് ഹിസ്റ്ററിയെടുത്തപ്പോഴാണ് അമ്മ പറയുന്നത് അവരുടെ കുട്ടിയ്ക്ക് സ്ഥിരമായി ആസ്തമയ്ക്കുള്ള മരുന്ന് നല്കുന്നുണ്ടെന്ന കാര്യം. കൂട്ടത്തില്‍ അപസ്മാരത്തിനും. നേരത്തെ ഇതെന്തു കൊണ്ടാണ് പറയാതിരുന്നതെന്ന് ചോദിച്ചപോള്‍ അവരുടെ മറുപടിയിങ്ങനെ,’ അതിന് ഓപ്പറേഷന്‍ അരയ്ക്ക് താഴേയ്ക്കല്ലേയുള്ളൂ , അതിന് മേലേയ്ക്കുള്ള ഭാഗത്തല്ലേ ബാക്കി അസുഖം. അതത്ര കാര്യമാന്നെന്നറിഞ്ഞില്ല.’ അടിയന്തിര ചികിത്സ നടത്താന്‍ സൗകര്യമുള്ളതുകൊണ്ട് മാത്രം ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. രോഗിയ്ക്കുളള എല്ലാ അസുഖങ്ങളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും സത്യസന്ധമായി തന്നെ അനസ്തീഷ്യോളജിസ്റ്റിനോട് വിശദമായി ചര്‍ച്ച ചെയ്തിരിക്കണം.

ഡേ കെയര്‍ സര്‍ജറികളും കീ ഹോള്‍ സര്‍ജറികളും ഇത്രയധികം പ്രചാരത്തിലായിരിക്കുന്നതിന് അനസ്തീഷ്യ രംഗത്തുണ്ടായിരിക്കുന്ന പുരോഗതി പ്രധാന ഘടകമാണ്. ഇത്തരം സര്‍ജറികള്‍ക്ക് രോഗിയെ സജ്ജമാകുന്നതിനും വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും രോഗിയും സര്‍ജനും അനസ്തീഷ്യോളജിസ്റ്റും തമ്മിലുള്ള ആശയ വിനിമയവും പരസ്പര ധാരണയും വിശ്വാസവും ഏറെ പ്രധാനമാണെന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ. ഒരേ അസുഖത്തിനു തന്നെ രോഗിയുടെയും രോഗത്തിന്റെയും സ്വഭാവത്തിനനുസരിച്ച് വ്യത്യസ്ത തരം അനസ്തീഷ്യ കൊടുക്കേണ്ടി വരും. ഉദാഹരണമായി , സാധാരണ ഗര്‍ഭിണി ളികളില്‍ സിസേറിയന്‍ ഓപ്പറേഷന്‍ നെഞ്ചിനു താഴേക്ക് തരിപ്പിച്ചെടുക്കുന്ന സ്‌പൈനല്‍ അനസ്തീഷ്യയിലാണ് ചെയ്യുന്നതെങ്കിലും ഗുരുതരമായ ഹൃദ്രോഗമുള്ളവവരിലും രക്തസ്രാവമുള്ളവരിലും ഇങ്ങനെ ചെയ്യുന്നത് ജീവനു തന്നെ ഭീഷണിയാവും. അപ്പോള്‍ പൂര്‍ണ്ണമായി ബോധം കെടുത്തിയുള്ള ജനറല്‍ അനസ്തീഷ്യ വേണ്ടി വരും. കാര്യങ്ങളറിയാതെ പലരും ഇതെന്താ ഒരേ ഓപ്പറേഷനു പല തരത്തിലുള്ള അനസ്തീഷ്യ എന്ന് പറഞ്ഞ് തര്‍ക്കിക്കാന്‍ വരാറുണ്ട്.

സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണ് സ്‌പൈനല്‍ അനസ്തീഷ്യ നടുവേദനയ്ക്ക് കാരണമാകുമോയെന്ന് .മുടി നാരിന്റെയത്രമാത്രം വണ്ണമുള്ള സൂചിയുപയോഗിച്ച് ചെയ്യുന്ന സ്‌പൈനല്‍ അനസ്തീഷ്യ ഒരിക്കലും നടുവേദനയ്ക്ക് കാരണമാകില്ല എന്നു പഠനങ്ങള്‍ തെളിയിച്ചുണ്ട്.
മറ്റൊരപവാദം അനസ്തഷ്യയുടെ ഡോസ് കൂടി രോഗി അപകടത്തിലാവുന്നു എന്നതാണ്. യഥാര്‍ത്ഥത്തില്‍ ഓപ്പറേഷന്‍ സമയത്തുണ്ടാകുന്ന ഹൃദയാഘാതം പക്ഷാഘാതം തുടങ്ങിയവ മൂലമാകാം അപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ടാവുക. ചെമ്മീന്‍ , കക്ക തുടങ്ങിയ ഭക്ഷണങ്ങള്‍ക്കോ പെനിസിലിന്‍ മുതലായ മരുന്നുകള്‍ക്കോ മുമ്പ് അലര്‍ജിയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധനാ വേളയില്‍ അനസ്തീഷ്യ ഡോക്ടറോട് പറയണം . ഡോക്ടര്‍ അത് കേസ് ഷീറ്റില്‍ രേഖപ്പെടുത്തുകയും വേണം.തീയേറ്ററില്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇത് സഹായിക്കും ആശയവിനിമയത്തിന്റെ അപര്യാപ്തത പ്രശ്‌നങ്ങള്‍ സജീര്‍ണ്ണമാക്കുന്നു. കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കേണ്ടത് ഡോക്ടര്‍മാരുടെ ഉത്തരവാദിത്തമാണ് .അത് കേള്‍ക്കാന്‍ സന്മനസു കാണിക്കേണ്ടത് രോഗിയുടെ ബന്ധുക്കളും.

ഇപ്പോള്‍ സെക്കന്റ് ഒപ്പിനിയന്‍ ഒരു ഫാഷന്‍ ആയി മാറിയിരിക്കയാണല്ലോ. പറയുന്ന വിഷയത്തില്‍ പ്രവൃത്തി പരിചയമുള്ളയാളുകളുടെ അടുത്തു നിന്ന് അഭിപ്രായം തേടുന്നതു നല്ലതുതന്നെ. അതോടൊപ്പംതന്നെ സര്‍ജറിയ്ക്ക് മുമ്പ് നിങ്ങളുടെ അനസ്തീഷ്യോളജിസ്റ്റ് ആരാണെന്നു കൂടി അറിഞ്ഞ് കാര്യങ്ങള്‍ മനസ്സിലാക്കണം. ജീവിതത്തിനും മരണത്തിനുമിടയിലെ അദൃശ്യരേഖയിലെ നിങ്ങളുടെ സംരക്ഷകര്‍ തന്നെയാണ് അനസ്തീഷ്യോളജിസ്റ്റുകള്‍


Share our post

Kerala

കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നൂ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

Share our post

തിരുവനന്തപുരം:സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. നാളെ മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു.വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.അതേസമയം കേരളത്തിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.


Share our post
Continue Reading

Kerala

ആംബുലന്‍സ് വാടക തോന്നുംപടിയല്ല, കൃത്യമായ വാടകയും വെയ്റ്റിങ് ചാര്‍ജും; ആശ്വാസമായി നിരക്ക് നിര്‍ണയം

Published

on

Share our post

സ്വകാര്യ ആംബുലന്‍സുകള്‍ക്ക് കാത്തിരിപ്പുസമയം കണക്കാക്കിയുള്ള വാടക നിര്‍ണയം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമാകുന്നു. വാടകനിരക്കിലെ ഏകോപനമില്ലായ്മ തര്‍ക്കങ്ങള്‍ക്കും ചൂഷണത്തിനും വഴിവെക്കുന്ന സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വാടകനിരക്ക് പുനര്‍നിര്‍ണയിച്ചത്.സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നതോതില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുള്ള ‘ഡി’ ലെവല്‍ മുതല്‍ ചെറിയ വാഹനങ്ങളടങ്ങിയ ‘എ’ ലെവല്‍ വരെ ആംബുലന്‍സുകളെ അഞ്ചുവിഭാഗങ്ങളായിത്തിരിച്ച് 20 കിലോമീറ്റര്‍പോയി തിരിച്ചെത്തുന്നത് അടിസ്ഥാനദൂരമായി കണക്കാക്കിയാണ് നിരക്കുനിര്‍ണയം. ആദ്യ ഒരുമണിക്കൂറിന് കാത്തിരുപ്പുനിരക്ക് നല്‍കേണ്ടതില്ല.

വാനും ജീപ്പും പോലുള്ള ചെറിയ ആംബുലന്‍സുകള്‍ക്ക് (എ ലെവല്‍) കുറഞ്ഞവാടക എ.സി. സംവിധാനമില്ലാത്തതിന് 600 രൂപയും എ.സി.യുള്ളതിന് 800 രൂപയുമാണ്. 20 കിലോമീറ്ററില്‍ അധികമായിവരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ (നോണ്‍ എ.സി.), 25 രൂപ (എ.സി.) വീതം നല്‍കണം. ഓക്‌സിജന്‍ സംവിധാനമുണ്ടെങ്കില്‍ 200 രൂപ അധികമായി നല്‍കണം. ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 150 രൂപ (നോണ്‍ എ.സി.), 200 രൂപ (എ.സി.) തോതിലാണ് കാത്തിരിപ്പുനിരക്ക്.

മറ്റുവിഭാഗത്തിലെ നിരക്കുകള്‍

*ബി ലെവല്‍ ട്രാവലര്‍ (നോണ്‍ എ.സി.): കുറഞ്ഞവാടക 1,000 രൂപ (20 കി.മീ), അധികം വരുന്ന ഓരോ കിലോമീറ്ററിനും 30 രൂപ. കാത്തിരുപ്പുനിരക്ക് ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 200 രൂപ.

* സി ലെവല്‍ ട്രാവലര്‍ (എ.സി.): കുറഞ്ഞവാടക 1,500 രൂപ (20 കി.മീ.). അധികംവരുന്ന ഓരോ കിലോമീറ്ററിനും 40 രൂപ.

* ഡി ലെവല്‍ ഐ.സി.യു: കുറഞ്ഞവാടക 2,500 രൂപ (20 കി.മീ.). അധികം വരുന്ന ഓരോ കിലോമീറ്ററിനും 50 രൂപ. ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം നേടിയ സാങ്കേതിക വിദഗ്ധനും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഡോക്ടറുടെ സേവനം, മരുന്നുകള്‍ എന്നിവയ്ക്കുള്ള തുക ഉള്‍പ്പെടുത്തിയിട്ടില്ല. കാത്തിരുപ്പ് വാടക ആദ്യ ഒരുമണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിലും 350 രൂപ.


Share our post
Continue Reading

Kerala

വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം

Published

on

Share our post

വയനാട് : വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം നടന്നത്. ക്ലാർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവർത്തകൻ്റെ മാനസിക പീഡനം എന്ന് ആരോപണം.ജോയിൻ്റ് കൗൺസിൽ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക. ഇതിൽ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും ആരോപണം ഉയർന്നു. യുവതിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!