കൊല്ലം: പി.എസ്.സി.പരീക്ഷകളില്‍ ന്യൂനതകാരണം റദ്ദാക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂടുന്നു. ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച, ഹൈസ്‌കൂള്‍ തുന്നല്‍ ടീച്ചര്‍ പരീക്ഷയുടെ അന്തിമ ഉത്തരസൂചികയില്‍ ഏഴു ചോദ്യങ്ങള്‍ റദ്ദാക്കി. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍) പരീക്ഷയിലും ഏഴുചോദ്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ചോദ്യത്തിന് വ്യക്തത ഇല്ലാതിരിക്കുക, ഓപ്ഷനുകളില്‍ ഒന്നിലധികം ശരിയായ ഉത്തരങ്ങള്‍ ഉണ്ടാകുക, ഒരു ഓപ്ഷനും ശരിയാകാതിരിക്കുക തുടങ്ങിയ കാരണങ്ങളാലാണ് ചോദ്യങ്ങള്‍ ഒഴിവാക്കുന്നത്.
പി.എസ്.സി.പരീക്ഷകളുടെ ചോദ്യങ്ങളില്‍ ന്യൂനതകളില്ലെന്നും ഈവര്‍ഷം ചോദ്യങ്ങളൊന്നും ഒഴിവാക്കേണ്ടി വന്നിട്ടില്ലെന്നുമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി നല്‍കിയത്. കുറ്റമറ്റരീതിയില്‍ ചോദ്യങ്ങളും ഓപ്ഷണല്‍ ഉത്തരങ്ങളും തയ്യാറാക്കുന്നതിന് പി.എസ്.സി. നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്‍വര്‍സാദത്തിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ജൂണ്‍ 15-ന് നടന്ന ഡിഗ്രി പ്രിലിമിനറി മൂന്നാംഘട്ട പരീക്ഷയിലെ 16 ചോദ്യങ്ങളാണ് റദ്ദാക്കിയത്. ഓഗസ്റ്റ് 12-ലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ഹിസ്റ്ററി) പരീക്ഷയിലും ഓഗസ്റ്റ് 17-ന് നടന്ന എല്‍.ഡി.സി. (കൊല്ലം, കണ്ണൂര്‍) പരീക്ഷയിലും ഒന്‍പതു ചോദ്യങ്ങള്‍വീതം ഒഴിവാക്കി. ഓഗസ്റ്റ് 13-ന് നടന്ന എല്‍.ഡി.സി. (പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട്) കന്നഡ മീഡിയം പരീക്ഷയില്‍ 14 ചോദ്യങ്ങളും റദ്ദാക്കി. ഇതേ പരീക്ഷയുടെ മലയാളം, തമിഴ് മീഡിയങ്ങളില്‍ നാലു ചോദ്യങ്ങള്‍വീതവും ഒഴിവാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ പരാതിയെത്തുടര്‍ന്നാണ് ചോദ്യങ്ങള്‍ റദ്ദാക്കുന്നത്.
ഒഴിവാക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂടിയത് മേയ് മുതല്‍ നടത്തിയ പരീക്ഷകളിലാണ്. മേയ് മുതല്‍ നടന്ന ഇരുപതിലധികം പരീക്ഷകളില്‍ അഞ്ചില്‍ കൂടുതല്‍ ചോദ്യങ്ങള്‍വീതം റദ്ദാക്കിയിട്ടുണ്ട്. അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് റെക്കോഡിസ്റ്റ്, പ്ലാനിങ് ബോര്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റ്, ജല അതോറിറ്റി സാനിറ്ററി കെമിസ്റ്റ്, ഓവര്‍സിയര്‍ ഗ്രേഡ് (മൂന്ന്), ജല അതോറിറ്റി മൈക്രോബയോളജിസ്റ്റ്, എല്‍.ഡി.ക്ലര്‍ക്ക്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ മലയാളം, കംപ്യൂട്ടര്‍ സയന്‍സ്, ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍, ഡ്രഗ്‌സ് കണ്‍ട്രോള്‍ ലബോറട്ടറി അറ്റെന്‍ഡര്‍, സഹകരണവകുപ്പ് ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളിലേക്ക് നടന്ന പരീക്ഷകളെല്ലാം ഇതില്‍പ്പെടും.
ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നവരുടെ അശ്രദ്ധമൂലമാണ് ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടിവരുന്നതെന്നാണ് ആരോപണം. പരീക്ഷകളില്‍ ചോദ്യങ്ങള്‍ ഒഴിവാക്കുമ്പോള്‍ പല മാനദണ്ഡങ്ങളാകും ഉത്തരക്കടലാസ് നോക്കുമ്പോള്‍ പരിഗണിക്കുക എന്നാണ് ഉദ്യോഗാര്‍ഥികളുടെ ആശങ്ക.