ഓട്ടിസവും സംസാരപ്രശ്‌നങ്ങളുമുള്ള കുട്ടികള്‍ക്കും ഇനി അങ്കണവാടിയില്‍ പ്രവേശനം

Share our post

ഒറ്റപ്പാലം: ശാരീരികവെല്ലുവിളി നേരിടുന്ന കുട്ടികളെ ചികിത്സയ്‌ക്കൊപ്പം അങ്കണവാടികളില്‍ ഇനി പ്രവേശിപ്പിക്കാം. ഓട്ടിസം, സംസാര, ഭാഷാ പ്രശ്‌നങ്ങള്‍ തുടങ്ങിയവ നേരിടുന്ന കുട്ടികളെയാണ് അങ്കണവാടികളില്‍ മറ്റുകുട്ടികള്‍ക്കൊപ്പം പ്രവേശിപ്പിക്കാമെന്ന് വനിതാ-ശിശുവികസന വകുപ്പ് ഉത്തരവായത്.രണ്ടോമൂന്നോ വയസ്സുള്ള കുട്ടികള്‍ക്കാണ് അങ്കണവാടികളില്‍ പ്രവേശനം അനുവദിക്കുക. ആവശ്യമാണെങ്കില്‍ കുട്ടിക്ക് ഒരു കൂട്ടിരിപ്പാളെ അനുവദിക്കാമെന്ന നിര്‍ദേശവുമുണ്ട്. കുട്ടിയുടെ എല്ലാ ആവശ്യങ്ങള്‍ക്കും നേരിട്ട് അറിയുന്നൊരാള്‍ കൂടെയുണ്ടാകുന്നത് നല്ലതെന്ന നിലയിലാണ് ഈ നിര്‍ദേശം. നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് ചികിത്സചെയ്യുന്നത്. തുടര്‍ച്ചയായുള്ള ചികിത്സയിലൂടെയാണ് ഓട്ടിസമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുള്ള കുട്ടികളെ കഴിയാവുന്നത്ര സാധാരണ ജീവിതത്തിലേക്കെത്തിക്കുക. ഈ ചികിത്സ നിലനിര്‍ത്തിക്കൊണ്ടുള്ള അങ്കണവാടി പ്രവേശനമാണ് ഉദ്ദേശിക്കുന്നത്.

സാധാരണ കുട്ടികള്‍ക്കൊപ്പം പ്രവേശനം നല്‍കുമ്പോള്‍ ഇവര്‍ മറ്റുകുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ കാണുകയും അതേപോലെയാകാന്‍ ശ്രമിക്കുകയും ചെയ്യും. ഇത് ചികിത്സയ്ക്കും ഗുണംചെയ്‌തേക്കാം. ഒപ്പം ഇത്തരം കുട്ടികളുടെ കഴിവുകളും സര്‍ഗശേഷിയും ചെറുപ്പംമുതലേ ഉണര്‍ത്താനുമാകും. സമൂഹവുമായുള്ള പരിചയം, മാനസികവും ബുദ്ധിപരവുമായ വളര്‍ച്ച, സംസാരത്തിലുള്ള മികവ് എന്നിവ നേടാനാകുമെന്നും വകുപ്പ് കണക്കുകൂട്ടുന്നു.എന്നാല്‍, മുഴുവന്‍സമയവും അങ്കണവാടിയില്‍ ഇരിക്കേണ്ടിവരില്ല. രണ്ടുമുതല്‍ നാലുമണിക്കൂര്‍വരെ അങ്കണവാടിയില്‍ ചെലവഴിച്ച് തിരിച്ചുകൊണ്ടുപോകാനാകും. ബാക്കി സമയം ചികിത്സയ്ക്കുപയോഗിക്കാനുമാകും. സാധാരണ കുട്ടികള്‍ നേടുന്നതിന് സമാനമായ രീതിയിലാണ് ഈ കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുക. അതിനായി പ്രത്യേക മാനദണ്ഡം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!