ഇവിടെ ഇലയിലാണ്‌ കാര്യം

Share our post

കൂത്തുപറമ്പ്: വാഴത്തൈ നടുന്നത്‌ മുതൽ കുല വെട്ടുന്നതുവരെയുള്ള ഇലകൾ.. വാഴക്കുലയും കാമ്പും കൂമ്പുമെല്ലാം എടുക്കുമ്പോഴും നഷ്‌ടമാകുന്ന ഇലകളെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ.. ആ ചിന്തയിൽ നിന്നാണ്‌ മാങ്ങാട്ടിടം പഞ്ചായത്തും കൃഷിഭവനും ചേർന്ന്‌ ‘മാങ്ങാട്ടിടം’ ബ്രാൻഡ്‌ വാഴയില സംരംഭം തുടങ്ങിയത്‌.കന്നുനട്ടാൽ കുലവെട്ടുംവരെ കർഷകർക്ക് വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പഞ്ചായത്തും കൃഷിഭവനും ചേർന്ന്‌ സംരംഭം തുടങ്ങിയത്‌. ഇലവാഴ കൃഷി ആരംഭിക്കുന്നതിനായി ജനകീയ ആസൂത്രണ പദ്ധതിയിലും, കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതിയിലും ഉൾപ്പെടുത്തി രണ്ട് ലക്ഷംരൂപ മാറ്റിവച്ചു. ഞാലിപ്പൂവൻ വാഴയാണ് ഇലവാഴ കൃഷിക്ക് ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഞാലിപ്പൂവൻ കന്ന് കർഷകർക്ക് സൗജന്യമായി നൽകി. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലമൊരുക്കി കന്ന് നട്ട് നൽകുകയും ചെയ്യും. രണ്ടുമാസം പ്രായം ആകുമ്പോൾ ഇല ശേഖരിക്കാൻ തുടങ്ങും.

ഒരു ഇലക്ക്‌ മൂന്ന് രൂപയാണ്‌ വില. ഒരുവാഴക്ക് വളപ്രയോഗം ഉൾപ്പെടെ ചെലവ്‌ 80 രൂപയാണെങ്കിൽ കുലയ്ക്കും ഇലയ്ക്കുംകൂടി ഏകദേശം 350 രൂപയ്ക്ക് മുകളിൽ വരുമാനം കർഷകർക്ക്‌ ലഭിക്കുമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. കൃഷിഭവൻ അധികൃതരുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ 100 കർഷകർ 20 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. മാർക്കറ്റിൽ വാഴയിലയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ഇലകൾ വെട്ടിയെടുക്കാനും അത് ഭദ്രമായി പൊതിഞ്ഞ് കെട്ടാനും കുടുംബശ്രീ യൂണിറ്റിലെ അഞ്ച് വനിതകൾക്ക് പരിശീലനം നൽകി. ഇവർ കൃഷിയിടത്തിൽ എത്തി ഇലകൾ ശേഖരിച്ച് വൃത്തിയാക്കി വിതരണം ചെയ്യും. പഞ്ചായത്ത് പരിധിയിലെ വിവാഹം, ഗൃഹപ്രവേശം, സൽക്കാര പരിപാടികളിലും ഹോട്ടലുകളിലും മാങ്ങാട്ടിടം ബ്രാൻഡിൽ ഇലകൾ നൽകും. സമീപ പഞ്ചായത്തുകളിലെ വിവാഹങ്ങൾക്കും മാങ്ങാട്ടിടം പഞ്ചായത്തിൽനിന്നും ഇല നൽകുന്നുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!