വാഹനം പൊളിക്കുന്നതിന് അനുമതി തേടണം:ആര്‍.സി റദ്ദാക്കണം, കര്‍ശന നിര്‍ദേശവുമായി എം.വി.ഡി

Share our post

ഒറ്റപ്പാലം: വാഹനം പൊളിക്കുന്നതിനുമുമ്പ് അനുമതിവാങ്ങണമെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദേശം. അനുമതിക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുമായി അപേക്ഷ നല്‍കണമെന്നും പൊളിച്ചശേഷം എ.എം.വി.ഐ. പരിശോധിച്ച് മുന്‍ പിഴയടക്കമുള്ളവ അടച്ചുതീര്‍ത്ത് ആര്‍.സി. റദ്ദാക്കി എന്ന് ഉറപ്പാക്കണമെന്നുമാണ് നിര്‍ദേശം.പൊളിക്കാനായി കൈമാറുകയും എന്നാല്‍, ആര്‍.സി. റദ്ദാക്കാത്തതുമായ സാഹചര്യം കൂടുന്നതിനാലാണ് വകുപ്പ് സാമൂഹിക മാധ്യമത്തിലൂടെയുള്‍പ്പെടെ ബോധവത്കരണം നടത്തുന്നത്. പൊളിക്കാന്‍ നല്‍കുന്ന വാഹനം ഉടമയറിയാതെ പുനരുപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍കൂടിയാണിത്.

വാഹനം പഴക്കംമൂലവും അപകടത്തില്‍പ്പെട്ടും ഉപയോഗശൂന്യമാകുമ്പോള്‍ പൊളിക്കാറുണ്ട്. ആര്‍.സി. റദ്ദാക്കാതെ പൊളിക്കാനായി വാഹനം കൈമാറുമ്പോള്‍ വാഹനത്തിന്റെ രേഖകള്‍ നിലനില്‍ക്കും.വാഹനം പൊളിക്കാതെ തകരാറുകള്‍ പരിഹരിച്ച് പുനരുപയോഗിക്കപ്പെട്ടേക്കാം. ഇത്തരം വാഹനം കച്ചവടംചെയ്യപ്പെടുകയും മോഷണമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. പിന്നീട് പിടിക്കപ്പെടുമ്പോള്‍ ആര്‍.സി. റദ്ദാക്കാത്തതുമൂലം വാഹനയുടമ ഈ കുറ്റകൃത്യത്തില്‍ കുടുങ്ങുന്ന സ്ഥിതിവരും.പൊളിച്ച വാഹനത്തിന്റെ എന്‍ജിനോ ഷാസിയോ മറ്റൊരുവാഹനത്തില്‍ ഘടിപ്പിച്ചും ഉപയോഗപ്പെട്ടേക്കാം. പിടിക്കപ്പെട്ടാല്‍ എന്‍ജിന്‍, ഷാസി നമ്പര്‍ മുഖാന്തരവും ഉടമയ്ക്കെതിരേ നടപടി വന്നേക്കാം. കുറ്റകൃത്യങ്ങള്‍ക്കല്ലാതെ നിരീക്ഷണ ക്യാമറകളിലെ നിയമലംഘനങ്ങള്‍ക്കുള്ള പിഴയായും സന്ദേശങ്ങളെത്താനിടയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായാണ് പൊളിക്കുന്നതിനായി അടുത്തുള്ള മോട്ടോര്‍വാഹനവകുപ്പ് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് നിര്‍ദേശമുള്ളത്. പൊളിച്ചശേഷവും പരിശോധനയ്ക്ക് വിധേയമാക്കി പരിവാഹനിലുള്‍പ്പെടെ ആര്‍.സി. റദ്ദായെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!