5,17,199 കുടുംബങ്ങൾക്ക് വീട് അനുവദിച്ചതിൽ 4,16,678 എണ്ണം പൂർത്തിയായി

Share our post

തിരുവനന്തപുരം:എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിനായുള്ള എൽഡിഎഫ്‌ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈ ഫിൽ ഇതുവരെ ചെലവഴിച്ചത്‌ 18,072.95 കോടി രൂപ. ഇതിൽ 15,991.26 കോടി സംസ്ഥാന സർക്കാർ ചെലവഴിച്ചപ്പോൾ 2,081.69 കോടി മാത്രമാണ്‌ കേന്ദ്രത്തിൽ നിന്ന്‌ ലഭിച്ചത്‌. സെപ്‌തംബർ 30 വരെയുള്ള കണക്കനുസരിച്ച്‌ 5,17,199 കുടുംബങ്ങൾക്ക് ലൈഫ്‌ ഭവന പദ്ധതിയിൽ വീട് അനുവദിച്ചു. ഇതിൽ 4,16,678 വീടിന്റെ നിർമാണം പൂർത്തിയായി. ശേഷിക്കുന്ന 1,00,521 വീടുകൾ 2025 മാർച്ച് 31-നകം പൂർത്തീകരിക്കും. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 2,29,415 വീടുകൾ അനുവദിച്ചു. 1,54,547 വീടിന്റെ നിർമാണം പൂർത്തീകരിച്ചു.

പി.എം.എ.വൈ (ഗ്രാമീൺ), പി.എം.എ.വൈ (അർബൻ) പദ്ധതികളിലെ ഗുണഭോക്‌താക്കൾക്ക്‌ മാത്രമാണ്‌ കേന്ദ്രം സഹായം നൽകുന്നത്‌. 72,000 രൂപ കേന്ദ്രവിഹിതം ലഭിക്കുന്ന പിഎംഎവൈ –- ഗ്രാമീൺ, 1,50,000 രൂപ ലഭിക്കുന്ന പിഎംഎവൈ –- അർബൻ പദ്ധതികളെ ലൈഫുമായി സംയോജിപ്പിച്ചാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഈ പദ്ധതികളുടെ ഗുണഭോക്താക്കളെയും ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നാലു ലക്ഷം രൂപ ആനുകൂല്യം സംസ്ഥാന സർക്കാർ ഉറപ്പു വരുത്തുന്നു.

ഭൂരഹിത ഭവനരഹിതർക്കായി ലൈഫ് മിഷൻ മുഖേന 32 ഭവനസമുച്ചയങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ മൂന്ന്‌ ഭവനസമുച്ചയങ്ങളുടേയും നിർമാണം ആരംഭിച്ചു. ഇതിൽ ലൈഫ് മിഷൻ മുഖേനയുള്ളതുൾപ്പെടെ ആറ്‌ ഭവന സമുച്ചയങ്ങളുടെ നിർമാണം പൂർത്തിയായി. കണ്ണൂർ -കടമ്പൂർ, ഇടുക്കി -കരിമണ്ണൂർ, കോട്ടയം -വിജയപുരം, കൊല്ലം -പുനലൂർ എന്നിവടങ്ങളിലാണ്‌ ലൈഫ് മിഷനിൽ ഭവന സമുച്ചയം നിർമിച്ചത്‌. ഇവയ്ക്ക് പുറമെ മൂന്നു ഭവനസമുച്ചയങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ മുഖേന പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. കൂടാതെ ഭവനം ഫൗണ്ടേഷൻ ഇടുക്കി അടിമാലിയിൽ നിർമാണം പൂർത്തീകരിച്ച 217 യൂണിറ്റുകളുള്ള ഭവനസമുച്ചയം ലൈഫ് മിഷൻ വിലയ്ക്ക് വാങ്ങി ഭൂരഹിത ഭവന രഹിതരുടെ പുന:രധിവാസം ഉറപ്പാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!