മൊബൈല്‍ ഫോണുകള്‍ നഷ്ടമായാല്‍ പരാതി നല്‍കൂ; പോലീസ് കണ്ടെത്തിത്തരും

തിരുവനനന്തപുരം: നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുകയോ മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോകുകയോ ചെയ്താല്‍ വിഷമിക്കേണ്ട. കേരളാ പോലീസ് ഈ ഫോണുകള്‍ കണ്ടെത്തി ഉടമയ്ക്ക് തിരിച്ചുനല്‍കും. ഇത്തരത്തില്‍ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്ത 11 പേരുടെ ഫോണുകള്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി ഉടമകള്‍ക്ക് കൈമാറി.ഫോര്‍ട്ട് പോലീസിന്റെ പരിധിയില്‍ വച്ച് നഷ്ടപ്പെട്ടതും മോഷണം പോയതുമായവയെയാണ് കണ്ടെത്തി ഉടമകളെ വിളിച്ചുവരുത്തി കൈമാറിയത്.
ഫോണുകള്‍ നഷ്ടപ്പെടുന്നവര്‍ നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ. ഐ നമ്പറും ഫോണ്‍ നമ്പറും ചേര്‍ത്ത് ceir.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക. അല്ലെങ്കില്‍ ബന്ധപ്പെട്ട സ്റ്റേഷനില്‍ പരാതി നല്‍കുമ്പോള്‍ ഉദ്യോഗസ്ഥര്‍ തന്നെ രജിസ്റ്റര്‍ ചെയ്യും.നഷ്ടപ്പെട്ട ഫോണുകളില്‍ മറ്റൊരാള്‍ സിം ഉപയോഗിക്കുകയോ ഇതേ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്താല്‍ പോര്‍ട്ടലില്‍ നിന്ന് പോലീസിന് ഇതറിയാനാവും. തുടര്‍ന്ന് ലൊക്കേഷന്‍ തിരഞ്ഞ് ആളെ കണ്ടെത്തുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്യുന്നതാണ് രീതി. ഫോര്‍ട്ട് എസ്.എച്ച്.ഒ. ശിവകുമാറിന്റെ നേത്യത്വത്തില്‍ എസ്.ഐ. ശ്രീജേഷ്, സി.പി.ഒ. മാരായ ശ്രീജിത്, പ്രവീണ്‍, വിഷ്ണു എന്നിവരാണ് അന്വേഷണം നടത്തിയത്.