ഹോം വർക്ക് ചെയ്തില്ല; മൂന്ന് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപിക അറസ്റ്റിൽ

കൊച്ചി: മട്ടാഞ്ചേരിയിൽ പ്ലേ സ്കൂളിൽ മൂന്നര വയസ്സുകാരനെ അധ്യാപിക തല്ലി പരിക്കേൽപ്പിച്ചു. ചൂരലുകൊണ്ടാണ് അധ്യാപിക മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ മർദ്ദിച്ചത്. കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് തല്ലേറ്റ പാടുകളുണ്ട്.മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിലെ അധ്യാപികയാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയെ മർദിച്ച അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അല്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഹോം വർക്ക് ചെയ്യാത്തതിനെ തുടർന്നാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. അധ്യാപികയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്ഥാപനം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ ടീച്ചറെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.