സ്കൂൾ കലോത്സവം: പുതുതായി അഞ്ച് നൃത്ത രൂപങ്ങൾ കൂടി, അപ്പീൽ ഫീസും ഇരട്ടിയാക്കി

Share our post

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഞ്ച് പുതിയ മത്സര ഇനങ്ങൾ കൂടി ഉൾപ്പെടുത്തി. മം​ഗലം കളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിവയാണ് പുതിയ ഇനങ്ങൾ. ജനുവരി ആദ്യം തിരുവനന്തപുരത്താണ് കലോത്സവം നടക്കുക. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷനൽ അച്ചീവ്മെന്റ് എക്സാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ 3നകവും പൂർത്തിയാക്കും.

അതേസമയം, സ്കൂൾ കലോത്സവത്തിൽ ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി. സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനങ്ങളുടെ എണ്ണമാണ് രണ്ട് ​ഗ്രൂപ്പ് അടക്കം അഞ്ചായി ചുരുക്കിയത്. അതോടൊപ്പം സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സര അപ്പീലിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി. ഉപജില്ലാ കലോത്സവ നടത്തിപ്പിനായി സ്കൂളുകളിൽ നിന്ന് നൽകേണ്ട വിഹിതവും ഉയർത്തി.

കലോത്സവ മത്സരങ്ങൾ സംബന്ധിച്ച അപ്പീൽ നൽകുന്നതിനുള്ള ഫീസ് സ്കൂൾ തലത്തിൽ 500ൽ നിന്ന് 1000 ആക്കി. ഉപജില്ലാ തലത്തിൽ 1000 രൂപയിൽ നിന്ന് 2000 ആയും ജില്ലയിൽ 2000ത്തിൽ നിന്ന് 3000 ആയും ഉയർത്തി. സംസ്ഥാന തലത്തിൽ അപ്പീൽ നൽകാനുള്ള ഫീസ് 2500ൽ നിന്ന് 5000 രൂപയായും വർധിപ്പിച്ചു. ജില്ലാതല അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിൽ കെട്ടിവെക്കേണ്ട നിരതദ്രവ്യം 5000ത്തിൽ നിന്ന് 10,000 രൂപയാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!