ചന്ദനക്കടത്ത്: എട്ട് പേർ പിടിയിൽ

Share our post

തളിപ്പറമ്പ്∙ സംസ്ഥാനാന്തര ചന്ദനക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 8 പേരെ തളിപ്പറമ്പ് വനംവകുപ്പ് പിടികൂടി. ഇവരിൽ നിന്ന് 2.600 കിലോഗ്രാം ചെത്തിയൊരുക്കിയ ചന്ദനവും 18 കിലോഗ്രാം ചീളുകളും പിടികൂടി. ചന്ദനം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടി.ഓലയമ്പാടി പെരുവാമ്പ പി.വി.നസീർ (43), പെരുന്തട്ട വത്സൻ രാമ്പേത്ത് (43) എം.ചിത്രൻ (42), കൂവപ്രത്ത് ശ്രീജിത്ത്(37) എന്നിവരെയുമാണ് റേഞ്ച് ഓഫിസർ പി.രതീശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചന്ദനം വിൽക്കാനുള്ള ശ്രമത്തിൽ പിടിയിലായ മറ്റു 4 പേരെ ചോദ്യം ചെയ്ത് വരികയാണ്.ശ്രീജിത്തിന്റെയും ചിത്രന്റെയും കയ്യിൽ നിന്നാണ് ചന്ദനം പിടികൂടിയത്. ജൂൺ 4ന് മലയാളികൾ ഉൾപ്പെടെ 6 പേരെ കണ്ടെയ്നറിൽ കടത്തുകയായിരുന്ന 1650 കിലോഗ്രാം ചന്ദനവുമായി സേലത്തുവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിൽ പ്രതികളായ മലപ്പുറം സ്വദേശി ഐ.ടി.മുഹമ്മദ് അബ്രാൽ, എ.പി.മുഹമ്മദ് മിഷാൽ എന്നിവരെ ചോദ്യം ചെയ്തപ്പോൾ പെരുവാമ്പയിലെ പി.വി.നസീർ മുഖേനെയാണ് ഇവർക്ക് ചന്ദനം ലഭിക്കുന്നതെന്ന് മനസ്സിലായി. തുടർന്ന് നസീറും ഇയാൾക്കുവേണ്ടി പണമിടപാട് നടത്തുന്ന വത്സനും പിടിയിലായി.

ഇവരെ ചോദ്യം ചെയ്യുന്നതിനിടയിൽ നസീറിന്റെ ഫോണിലേക്ക് ചന്ദനം വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഒട്ടേറെപ്പേർ വിളിക്കുന്നുണ്ടായിരുന്നു. ഇത്തരത്തിൽ വിളിച്ച ചിത്രനും ശ്രീജിത്തുമാണ് മാത്തിൽ പുതിയ റോ‍ഡിൽ വച്ച് പിടിയിലായത്. രാത്രിയോടെ ഇത്തരത്തിൽ ചന്ദനം വിൽക്കാൻ വിളിച്ച മറ്റ് 4 പേരെയും കസ്റ്റഡിയിൽ എടുത്തു. 5 കിലോഗ്രാം ചന്ദനം വിൽക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച ഒരാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം രക്ഷപ്പെട്ടു. കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്. സംഘം മുഖേന ചുരുങ്ങിയ കാലത്തിനുള്ളിൽ 1000 കിലോഗ്രാമിലധികം ചന്ദനമെങ്കിലും കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മുറിച്ച് കടത്തിയതായാണ് സൂചന. ലക്ഷക്കണക്കിന് രൂപയുടെ കൈമാറ്റവും നടന്നു. ചന്ദനം മുറിക്കുന്നവർക്ക് പുറമേ ഇടനിലക്കാരും ഫാക്ടറിയുമായി ബന്ധമുള്ളവരും ഉൾപ്പെടെ ആദ്യമായാണ് പിടിയിലാകുന്നതെന്ന് റേഞ്ചർ പി.രതീശൻ പറഞ്ഞു. വനംവകുപ്പ് എസ്എഫ്ഒമാരായ സി.പ്രദീപൻ, എം.രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജിജേഷ്, നികേഷ്, മുഹമ്മദ് ഷാഫി, മിന്നു ടോമി, മനോജ് വർഗീസ്, ഡ്രൈവർ പ്രദീപൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!