ജിപ്മർ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്) പുതുച്ചേരി, വിവിധ നാലുവർഷ ബി.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി. നഴ്‌സിങ്, ബി.എസ്‌സി. അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം
അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകൾ
ബാച്ച്‌ലർ ഓഫ് മെഡിക്കൽ ലബോറട്ടറിസയൻസസ്, അനസ്തേഷ്യാ ടെക്‌നോളജി, ബാച്ച്‌ലർ ഓഫ് ഓപ്‌റ്റോമെട്രി, കാർഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഇൻ ബ്ലഡ് ബാങ്കിങ്, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി, പെർഫ്യൂഷൻ ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി.
* കോഴ്‌സുകളുടെ ദൈർഘ്യം നാലുവർഷം. ബി.എസ്‌സി. നഴ്‌സിങ്ങിൽ 24 ആഴ്ച ദൈർഘ്യമുള്ള പെയ്ഡ് ഇന്റേൺഷിപ്പും ഉൾപ്പെടും.
* ബാച്ച്‌ലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസസിൽ മൂന്നരവർഷത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകളും ആറുമാസത്തെ നിർബന്ധിത ഇന്റേൺഷിപ്പും ഉണ്ടാകും. മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകൾക്ക് മൂന്നുവർഷത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ, ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ്.
* നഴ്‌സിങ്ങിന് 94-ഉം (ആൺകുട്ടികൾ-ഒൻപത്, പെൺകുട്ടികൾ -85), 11 അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകൾക്കായി മൊത്തം 87-ഉം സീറ്റുണ്ട്.
* അഖിലേന്ത്യാതലത്തിൽ നികത്തുന്ന സീറ്റുകളും പുതുച്ചേരി നിവാസികൾക്കു സംവരണംചെയ്ത സീറ്റുകളും ഉണ്ടാകും. രണ്ടിലും സംവരണംപാലിച്ചായിരിക്കും പ്രവേശനം.
യോഗ്യത
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച്, പ്ലസ്ടു പരീക്ഷ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് വേണം (പട്ടിക, ഒ.ബി.സി. വിഭാഗക്കാർക്ക് 40 ശതമാനം, ജനറൽ യു.ആർ., ഇ.ഡബ്ല്യു.എസ്. വിഭാഗ ഭിന്നശേഷിവിഭാഗക്കാർക്ക് 45 ശതമാനം).31.12.2024-ന് 17 വയസ്സ് പൂർത്തിയാകണം (1.1.2008-നോ മുൻപോ ജനിച്ചവരാകണം). ഉയർന്ന പ്രായപരിധിയില്ല.നീറ്റ് യു.ജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- അണ്ടർ ഗ്രാജ്വേറ്റ്) 2024 യോഗ്യത നേടണം.
അപേക്ഷ
പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ jipmer.edu.in/announcement/ ലെ ലിങ്ക് വഴി ഒക്ടോബർ 24-ന് വൈകീട്ട് നാലുവരെ നടത്താം. നീറ്റ് യു.ജി. 2024 റാങ്ക്/മെറിറ്റ് അടിസ്ഥാനമാക്കി, കൗൺസലിങ്ങിന് അർഹതനേടുന്നവരുടെ പട്ടിക നവംബർ എട്ടിനകം പ്രസിദ്ധപ്പെടുത്തും.നേരിട്ടുനടത്തുന്ന കൗൺസലിങ്, പ്രവേശനം എന്നിവയുടെ തീയതി പിന്നീട് വെബ്‌സൈറ്റ് വഴി പ്രഖ്യാപിക്കും. വ്യക്തിപരമായ അറിയിപ്പ് അയക്കുന്നതല്ല. ക്ലാസുകൾ നവംബർ 25-ന് തുടങ്ങും.
സീറ്റ് ഉപേക്ഷിച്ചാൽ പിഴ
ആദ്യ കൗൺസലിങ്ങിൽ സീറ്റ് സ്വീകരിച്ചശേഷം അന്തിമ കൗൺസലിങ്ങിനു മുൻപ് സീറ്റ് വേണ്ടെന്നുവെച്ചാൽ പിഴയായി 10,000 രൂപ അടയ്ക്കണം.ഫൈനൽ കൗൺസലിങ് കഴിഞ്ഞ് ആദ്യ അക്കാദമിക് വർഷത്തിന് അവസാനംവരെ സീറ്റ് ഒഴിഞ്ഞാൽ 25,000 രൂപയും രണ്ടാം അക്കാദമിക് വർഷം മുതൽ നാലാം അക്കാദമിക് വർഷംവരെ സീറ്റ് ഒഴിഞ്ഞാൽ 50,000 രൂപയും പിഴ അടയ്ക്കേണ്ടിവരും. അടച്ച തുക ആർക്കും തിരികെലഭിക്കില്ല.
അക്കാദമിക് ഫീ
പ്രതിവർഷ അക്കാദമിക്/ട്യൂഷൻ ഫീസ് 1200 രൂപ. മറ്റു ഫീസുകൾ: അഡ്മിഷൻ ഫീ-2500 രൂപ, ഐഡന്റിറ്റി കാർഡ്-150 രൂപ, കോഷൻഡിപ്പോസിറ്റ്-3000 രൂപ (എല്ലാം ഒറ്റത്തവണ); ജിപ്മർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഫീ-1000 രൂപ, ലേണിങ് റിസോഴ്‌സസ് ഫീ-2000 രൂപ, കോർപസ് ഫണ്ട് ഓൺ അക്കാദമിക് ഫീ-60 രൂപ, സ്റ്റുഡന്റ് ഇൻഫർമേഷൻ ഡീറ്റെയിൽസ്-1500 രൂപ (എല്ലാം പ്രതിവർഷം). നീറ്റ് യു.ജി. 2024 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.