അമ്പതിനു താഴെയുള്ള സ്ത്രീകളിൽ സ്തനാര്‍ബുദം വര്‍ധിക്കുന്നു;കരുതൽ വേണം

Share our post

അമ്പതുവയസ്സില്‍ താഴെയുള്ള സ്ത്രീകളില്‍ സ്‌നാര്‍ബുദം വര്‍ധിച്ചുവരുന്നതായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി (ACS) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ സ്ത്രീകളില്‍ കൂടുതലായും കണ്ടുവരുന്ന സ്‌കിന്‍ കാന്‍സറിനു തൊട്ടുതാഴെയായി സ്തനാര്‍ബുദവും സ്ഥാനം പിടിച്ചിട്ടുണ്ട്. സ്തനാര്‍ബുദം മൂലമുള്ള മരണം വലിയ തോതില്‍ ചികിത്സയിലൂടെ ലോകത്തെമ്പാടും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അമേരിക്കന്‍ ഇന്ത്യന്‍ അലാസ്‌ക ദേശക്കാരായ സ്ത്രീകളില്‍ മരണനിരക്കില്‍ കാര്യമായ വ്യത്യാസം കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി കാണാന്‍ കഴിഞ്ഞിട്ടില്ല. കറുത്തവംശജരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 38 ശതമാനം മരണനിരക്ക് കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എസ്സിലാകമാനമുള്ള സ്ത്രീകളില്‍ 2024-ല്‍ മാത്രം 310,720 പേര്‍ക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചിരിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. 42250 മരണങ്ങള്‍ സ്തനാര്‍ബുദം മൂലം ഉണ്ടാവുമെന്നും കണക്കാക്കപ്പെടുന്നു.പുരുഷന്മാരില്‍ വളരെ അപൂര്‍വമായി മാത്രമേ സ്തനാര്‍ബുദം ഉണ്ടാവാറുള്ളൂവെങ്കിലും ഈ വര്‍ഷം ഏകദേശം 2790 പേരില്‍ രോഗം സ്ഥിരീകരിക്കപ്പെടുകയും 530 പേര്‍ മരണപ്പെടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സ്തനാര്‍ബുദം വളരെ നേരത്തേ കണ്ടെത്തുകയും മതിയായ ചികിത്സകള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കുന്നത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

സ്തനാര്‍ബുദം സ്വയം പരിശോധന എപ്പോള്‍?

കൃത്യമായ മാസമുറ ഉള്ള സ്ത്രീകള്‍, മാസമുറ കഴിഞ്ഞാല്‍ ഉടനെയും അതില്ലാത്തവര്‍ ഒരു മാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ പരിശോധിക്കണം?

കണ്ണാടിയുടെ മുന്നില്‍ നിന്ന് മാറിടങ്ങള്‍ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളില്‍ വരുന്ന വ്യത്യാസം, പ്രകടമായ മുഴകള്‍, കക്ഷഭാഗത്തെ മുഴകള്‍, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാന്‍സര്‍കൊണ്ട് ഉള്ളതല്ലെന്ന് തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. കക്ഷഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകള്‍ വളരെ ചെറിയ ദിശയില്‍ തന്നെ ഇങ്ങനെ കണ്ടുപിടിക്കാന്‍ കഴിയും. മുലക്കണ്ണുകള്‍ അമര്‍ത്തി പരിശോധിച്ചാല്‍ സ്രവം ഉണ്ടെങ്കില്‍ അതും കണ്ടുപിടിക്കാം.

ആരംഭദശയില്‍തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാര്‍ബുദത്തിനെ മറ്റു കാന്‍സറില്‍നിന്നു വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാല്‍ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാന്‍സര്‍ മരണകാരണമാകുന്നില്ല. എന്നാല്‍ 4, 5 സ്റ്റേജില്‍ കണ്ടുപിടിക്കപ്പെടുന്ന സ്തനാര്‍ബുദം, അഞ്ച് മുതല്‍ 10 വര്‍ഷം കഴിയുമ്പോള്‍ മരണകാരണമായേക്കാം. ഇത്തരക്കാരില്‍ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷന്‍ ചികിത്സയും തുടര്‍ചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.

തുടക്കത്തില്‍ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങള്‍

സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാന്‍ കഴിയും.റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കാനും ചിലപ്പോള്‍ ഇതില്‍ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.കീമോയുടെയും റേഡിയേഷന്റെയും ഡോസില്‍ കുറവ് വരുത്താന്‍ സാധിക്കും.മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന മേല്‍പ്പറഞ്ഞ വ്യത്യാസങ്ങള്‍ എല്ലാം തന്നെ കാന്‍സര്‍ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാന്‍സര്‍ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സര്‍ജനെ കാണിച്ച് കാന്‍സര്‍ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാന്‍സറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താല്‍ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാന്‍സറിന്റെ സ്റ്റേജ് മുന്നോട്ടുപോകുമ്പോള്‍ ചികിത്സ സങ്കീര്‍ണമാകുന്നു. ഇതില്‍ ഒരു മാറ്റം വരുത്താന്‍ ബോധവത്ക്കരണ പ്രചാരണങ്ങള്‍ വഴി സാധിക്കും.

രോഗനിര്‍ണയം സങ്കീര്‍ണമല്ല

ക്ലിനിക്കല്‍ എക്സാമിനേഷന്‍ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന, റേഡിയോളജിക്കല്‍ എക്സാമിനേഷന്‍ അഥവാ മാമോഗ്രാം, അള്‍ട്രാസൗണ്ട് സ്റ്റഡി, എം.ആര്‍.ഐ. സ്റ്റഡി അല്ലെങ്കില്‍ സി.ടി. ബ്രെസ്റ്റ് എന്നിവയില്‍ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടര്‍ തീരുമാനിക്കുന്നു.മുഴയില്‍ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന (Tissue diagnosis). ഇതിന് ഫൈന്‍ നീഡില്‍ ആസ്പിരേഷന്‍ സൈറ്റോളജി (FNAC) കോര്‍ ബയോപ്സി, ഇന്‍സിഷന്‍ ബയോപ്സി, എക്സിഷന്‍ ബയോപ്സി എന്നീ പരിശോധനകളുണ്ട്.

ചികിത്സ

കാന്‍സര്‍ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, ഓപ്പറേഷന് ശേഷം റേഡിയേഷന്‍, പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നല്‍കുക. സ്തനാര്‍ബുദത്തിന്റെ ചികിത്സ ഒരു ടീംവര്‍ക്ക് ആണ്. ജനറല്‍ സര്‍ജന്‍, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീംവര്‍ക്കിലൂടെയാണ് ഒരു കാന്‍സര്‍ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന വിഷാദവും മാനസിക സംഘര്‍ഷങ്ങളും അനുഭവപ്പെടുന്നവര്‍ക്ക് സൈക്യാട്രിസ്റ്റിന്റെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!