ഇത്‌ പ്ലസ്‌ വൺ അല്ല നമ്പർ വൺ

Share our post

കണ്ണൂർ:വിവരസാങ്കേതികവിദ്യ ലോകത്തിന്റെ സ്‌പന്ദനമാവുന്ന കാലത്ത്‌ പയ്യാവൂർ സേക്രട്ട്‌ ഹാർട്ട്‌ എച്ച്‌എസ്‌എസിലെ മിടുക്കർ വികസിപ്പിച്ചെടുത്തത്‌ ചില്ലറ സംഭവമല്ല. സ്‌കൂളിലെ നാഷണൽ സർവീസ്‌ സ്‌കീമിനു വേണ്ടി ഒരു കിടിലൻ വെബ്‌സൈറ്റ്‌. എൻ.എസ്‌.എസ്‌ വളന്റിയർമാരായ പ്ലസ്‌ വൺ വിദ്യാർഥികൾ എങ്ങനെ ഒരു വെബ്‌സൈറ്റ്‌ നിർമിച്ചുവെന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. കാരണം കാലത്തിന്‌ മുമ്പേ അറിവിന്റെ ലോകത്തേക്ക്‌ പറക്കുന്ന പുതുതലമുറയാണിതെന്ന്‌ ഈ മിടുക്കർ ലോകത്തോട്‌ വിളിച്ചുപറയുകയാണ്‌.
സ്‌കൂളിലെ എൻഎസ്‌എസ്‌ പ്രവർത്തനങ്ങൾ ലോകത്തെ അറിയിക്കുകയാണ്‌ വെബ്‌സൈറ്റിന്റെ ലക്ഷ്യം. nss.shhss.payyavoor.in ആണ്‌ വെബ്‌സൈറ്റിന്റെ വിലാസം. കംപ്യൂട്ടർ പ്രോഗ്രാമിങ്‌ സ്വന്തമായി പഠിച്ചാണ്‌ വിദ്യാർഥികളുടെ സംഘം വെബ്‌സൈറ്റ്‌ നിർമിച്ചത്‌. ഐടി അധ്യാപകരായ ഷൈബു, ബോണി എന്നിവരാണ്‌ മാർഗനിർദേശം നൽകിയത്‌. ചുരുങ്ങിയ മാസങ്ങളെടുത്ത്‌ പൂർത്തിയാക്കിയ വെബ്‌സൈറ്റ്‌ എൻഎസ്‌എസ്‌ ദിനമായ സെപ്‌തംബർ 24നാണ്‌ പ്രിൻസിപ്പൽ ബിനോയ്‌ ലോഞ്ച്‌ ചെയ്‌തത്‌.

അണിയറയിൽ പത്താംക്ലാസ്സുകാരുടെ ഐടി കമ്പനി

പത്താം ക്ലാസുകാരായ രണ്ട്‌ പേർ തുടങ്ങിയ കോഡ്‌ കേവ്‌ എന്ന ഫ്രീലാൻസ്‌ ഐടി കമ്പനിയാണ്‌ ഈ വെബ്‌സൈറ്റ്‌ നിർമിക്കാൻ സഹായകമായത്‌. പയ്യാവൂർ സേക്രഡ്‌ ഹാർട്ട്‌ സ്‌കൂളിലെ പ്ലസ്‌ വൺ വിദ്യാർഥി ശ്രാവൺ നാരായണനും ഇരിയണ്ണി ജിവിഎച്ച്‌എസ്‌എസ്‌ പ്ലസ്‌വൺ വിദ്യാർഥി ശ്രീനന്ദും ചേർന്ന്‌ കഴിഞ്ഞവർഷം തുടങ്ങിയ സ്‌റ്റാർട്ട്‌അപ്പാണിത്‌. കംപ്യൂട്ടർ കോഡിങ്‌ പരിശീലനത്തിനും വെബ്‌സൈറ്റ്‌ നിർമാണത്തിനും സഹായിക്കുന്ന സ്‌റ്റാർട്ട്‌ അപ്‌ സോഫ്‌റ്റ്‌വെയർ എൻജിനിയർമാർ നിർമിക്കുന്ന നിലവാരത്തിലാണ്‌ ഈ മിടുക്കർ തയ്യാറാക്കിയത്‌. ശ്രാവൺ കമ്പനിയുടെ സിഇഒയും ശ്രീനന്ദ്‌ ചീഫ്‌ മാർക്കറ്റിങ്‌ ഓഫീസറുമാണ്‌. ഇവരുടെ കൂട്ടുകാരൻ ഇർഷാദാണ്‌ ചീഫ്‌ ടെക്‌നിക്കൽ ഓഫീസർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!